ദുബായ് : കുവൈത്തിൽ 24 മണിക്കൂറിനിടെ 11 പേർകൂടി കോവിഡ് ബാധിച്ചുമരിച്ചു. പുതുതായി 1,459 പേർക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,535 പേർകൂടി രോഗമുക്തി നേടി. ആകെമരണം 1,546 ആയി. ആകെ രോഗബാധിതർ 2,71,145 ആയി ഉയർന്നു. ഇവരിൽ 2,54,423 പേർ രോഗമുക്തരായി. നിലവിൽ 15,176 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരിൽ 216 പേരുടെ നില അതീവഗുരുതരമാണ്.

യു.എ.ഇ.യിൽ 1961 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർകൂടി മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1803 പേർകൂടി രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 5,18,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,98,943 പേരും രോഗമുക്തി നേടി. ആകെ മരണം 1584 ആണ്. നിലവിൽ 17,735 പേർ ചികിത്സയിലുണ്ട്. ഒമാനിൽ 927 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയിലായിരുന്ന 1275 പേർകൂടി രോഗമുക്തിനേടി. ഒമ്പത് കോവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 1,93,253 പേർക്കാണ് ഒമാനിൽ വൈറസ് ബാധ കണ്ടെത്തിയത്. ഇവരിൽ 1,73,123 പേർ സുഖംപ്രാപിക്കുകയും ചെയ്തു. ആകെ മരണം 2010 ആണ്. നിലവിൽ 833 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ബഹ്‌റൈനിൽ ആറുപേർ മരിച്ചു

മനാമ : ബഹ്‌റൈനിൽ കോവിഡ് 19 രോഗബാധമൂലം ബുധനാഴ്ച ആറുപേർ മരിച്ചു.

56, 58, 61, 79, 87 വയസ്സുള്ള അഞ്ചു സ്വദേശികളും 33 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 632 ആയി. നിലവിൽ 10,379 പേർ ചികിത്സയിലുണ്ട്.