ദുബായ്: ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന രണ്ടാമത് ആയുഷ് കോൺഫറൻസും പ്രദർശനവും ദുബായിൽ നടക്കും. ഏപ്രിൽ ഒമ്പതുമുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെൻററിലാണ് വിപുലമായ പരിപാടി.

ഇന്ത്യയിൽനിന്ന് ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സാ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരോഗ്യവിദഗ്ധരും ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ബുധനാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും വിജ്ഞാനഭാരതിയുടെയും സയൻസ് ഇന്ത്യ ഫോറത്തിന്റെയും ആഭിമുഖ്യത്തിലാണ് സമ്മേളനം.

ലോക ആയുർവേദ ഫൗണ്ടേഷൻ, ദേശീയ ആയുർവേദ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് അസോസിയേഷൻ, ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷൻ, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള ഒട്ടേറെ ആയുഷ് സംഘടനകൾ എന്നിവർ സമ്മേളനത്തിൽ പങ്കാളികളാകും. ഈ രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത ചികിത്സാ മേഖലകളിൽ പേരെടുത്ത പ്രഗല്‌ഭർ മൂന്നുദിവസത്തെ സമ്മേളനത്തിൽ സംസാരിക്കും. ആയുഷ് സംവിധാനത്തിന്റെ കീഴിലുള്ള കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ആശുപത്രികൾ, ഗവേഷണസ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ തുടങ്ങിയവ അണിനിരത്തിയുള്ള പ്രദർശനമാണ് പരിപാടിയുടെ മറ്റൊരാകർഷണം.

ജീവിതശൈലീരോഗങ്ങൾ എന്ന വിഷയത്തിലൂന്നിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് വിജ്ഞാൻ ഭാരതി ഓർഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു. പ്രദർശനത്തിന് പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനമാണ്. 2017 നവംബറിൽ സംഘടിപ്പിച്ച വിജയകരമായ ആയുഷ് സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് രണ്ടാമത് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നായി 50 പ്രദർശകരാണ് ആദ്യസമ്മേളനത്തിൽ പങ്കെടുത്തത്. 700-ലേറെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇത്തവണ അതിൽക്കൂടുതൽ പ്രതീക്ഷിക്കുന്നതായി ഓർഗനൈസിങ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. വി.എൽ. ശ്യാം വ്യക്തമാക്കി. സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർഥ്‌ ബാലചന്ദ്രൻ, പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ, മിഡിൽഈസ്റ്റ് ഓർഗനൈസിങ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്: www.ayushdubai.org.

Content Highlight: 2nd International AYUSH Conference Dubai