ദോഹ : ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്രമാളിലാണ് ഗ്രൂപ്പിന്റെ 215-ാമതും ഖത്തറിലെ 15-ാമതുമായ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ താനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

2,50,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള അതിവിശാലമായ ഹൈപ്പർ മാർക്കറ്റ് ആധുനിക രൂപകല്പനയിലുള്ള ന്യൂട്രൽ കളർ ഫിക്‌സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ചസംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താക്കൾക്ക് അതിവിശാലവും വിപുലവുമായ ഷോപ്പിങ് അനുഭവം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ കോവിഡി

ന്റെ വെല്ലുവിളികൾ അതിജീവിച്ച് വ്യാപാര-വാണിജ്യ രംഗങ്ങളടക്കം എല്ലാ മേഖലകളും പുത്തനുണർവിന്റെ പാതയിലാണ്. ഇത് ഗൾഫ് ഭരണാധികാരികളുടെ ഭരണനേതൃത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണെന്നും യൂസഫലി വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കൾ ഒട്ടുംതന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീഫിൽ സ്റ്റേഷൻ, പ്രശസ്തരായ പാചക വിദഗ്ധർ നേരിട്ട് ക്ലാസുകൾ എടുക്കുന്ന ലുലു കുക്കിങ് സ്കൂൾ, സവിശേഷമായ തേനുകൾ ലഭ്യമാകുന്ന ഹണി സ്റ്റേഷൻ, മാംസ ഗുണത്തിന് തുല്യമായ സസ്യോത്പ്പന്നങ്ങളിലൂടെ മാംസരഹിത ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യംനൽകിയുള്ള വെഗൻ ബുച്ചറി സ്റ്റേഷൻ എന്നിവ അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേകതകളാണ്. വെഗാൻ ബുച്ചറി സ്റ്റേഷൻ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് കൂടിയാണിത്.

ഇതുകൂടാതെ 2000-ത്തിലേറെ വാഹന പാർക്കിങ് സൗകര്യവുമുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ലുലു ഖത്തർ റീജണൽ ഡയറക്ടർ എം.ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.