ഷാർജ : യു.എ.ഇ. ഭരണാധികാരികളുടെ കനിവിന്റെ ആഴം അനുഭവിക്കാൻ സാധിച്ച സന്തോഷത്തിലാണ് അരയാൽ തറമ്മൽ ജനാർദനൻ എന്ന 63-കാരൻ. ദുബായ് റൂളേഴ്സ് കോർട്ടിൽനിന്ന് 43 വർഷത്തെ സേവനം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കെയാണ് യു.എ.ഇ.യുടെ അഞ്ചുവർഷത്തെ ഗോൾഡൻ വിസയ്ക്ക് ജനാർദനൻ അർഹനായത്. കണ്ണൂർ വെങ്ങര സ്വദേശിയാണ്. ഇപ്പോൾ കണ്ണൂർ പിലാത്തറയ്ക്കടുത്ത് പഴിച്ചിയിൽ ആണ് താമസം. റൂളേഴ്സ് കോർട്ടിലെ എച്ച്.ആർ. ഡയറക്ടർ (പ്രോട്ടോകോൾ ഡിപ്പാർട്ട്‌മെന്റ്) മുഹമ്മദ് അഹമ്മദ് അൽ ഹമ്മാദി ജനാർദനന് ഗോൾഡൻ വിസ പതിപ്പിച്ച പാസ്പോർട്ട് കൈമാറി. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഗോൾഡൻ വിസ നേടിയതിലൂടെ സാധാരണ പ്രവാസിയായ താൻ അനുഭവിക്കുന്നതെന്ന് ജനാർദനൻ പറഞ്ഞു.

ദുബായ് റൂളേഴ്സ് കോർട്ടിൽ ഓഫീസ് ബോയ് ആയാണ് അരയാൽ തറമ്മൽ ജനാർദനൻ 43 വർഷം മുൻപ് ജോലി തുടങ്ങിയത്. പടിപടിയായുള്ള ഉയർച്ചയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആയാണ് രണ്ടുമാസം മുൻപ് വിരമിച്ചത്. 60-ാം വയസ്സിലാണ് ഔദ്യോഗിക സേവനം മതിയാക്കേണ്ടതെങ്കിലും റൂളേഴ്സ് കോർട്ടിലെ മേലാധികാരികളുടെ സ്നേഹത്തിൽ ജനാർദനന് മൂന്നുവർഷംകൂടി അധികം ലഭിച്ചു. ജൂൺ 30-ന് സ്ഥാപനത്തിൽനിന്ന് യാത്രയയപ്പും ലഭിച്ച് പടിയിറങ്ങിയതായിരുന്നു. നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പും തുടങ്ങിയപ്പോഴാണ് ഗോൾഡൻ വിസ എന്ന അംഗീകാരം തേടിയെത്തിയത്. റൂളേഴ്സ് കോർട്ടിലെ പ്രവർത്തന മികവുകൊണ്ടാണ് ഗോൾഡൻ വിസയ്ക്ക് ജനാർദനൻ പരിഗണിക്കപ്പെട്ടത്. അജിതയാണ് ജനാർദനന്റെ ഭാര്യ, മക്കൾ: ജീന, സീന (ഫ്ലൈ ദുബായ്), അതുൽ (വിദ്യാർഥി).