: കണ്ണെത്താദൂരം പരന്നുകിടന്നിരുന്ന മണൽപ്പരപ്പിനെ (1080 ഏക്കർ) ഇത്രമേൽ വിസ്മയച്ചെപ്പുകൾകൊണ്ട് മനോഹരമാക്കി ലോകത്തിന് സമർപ്പിച്ച ദുബായ് ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ നേരാൻ ഈയവസരം വിനിയോഗിക്കട്ടെ.

രണ്ടുതവണകളായി എക്സ്‌പോ 2020 വേദി സന്ദർശിക്കാനായി. 18 രാജ്യങ്ങളുടെ പവിലിയനുകളാണ് കാണാനായത്. ആദ്യതവണ നീണ്ടവരികളിൽ നിൽക്കാതെ ചെറിയ രാജ്യങ്ങളുടെ പവിലിയനുകളിലാണ് പോയതെങ്കിൽ രണ്ടാംതവണ കുറച്ചുകൂടി തിരക്കുള്ള നല്ല പവിലിയനുകളിൽ എത്താനായി. വരിയിൽ നിൽക്കാതെ അകത്തേക്ക് പ്രവേശിക്കാനുള്ള സ്മാർട്ട് ക്യൂ ആണ് ഏറ്റവും നല്ലമാർഗം. എക്സ്‌പോ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ അതിനുള്ള ഓപ്ഷൻ കിട്ടുന്നതാണ്.

ടെക്നോളജിയുടെ ഏറ്റവും മനോഹരമായ സമാഗമം എന്നാണ് ഒറ്റവാക്കിൽ എക്സ്‌പോയെ വിശേഷിപ്പിക്കാനുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്കായി ഒരുക്കിവെച്ച അടിസ്ഥാന സൗകര്യങ്ങൾതന്നെ മതി ആതിഥേയത്വത്തിന്റെ മഹത്വം മനസ്സിലാക്കാൻ. എക്സ്‌പോ നഗരിയിൽ പകലിനെക്കാൾ രാത്രിക്കാണ് കൂടുതൽ സൗന്ദര്യം എന്നതും എടുത്തു പറയേണ്ടതാണ്. പ്രധാന കവാടത്തിലെ വേദിയായ അൽ വാസൽ പ്ലാസയിലെ ദൃശ്യവിസ്മയചാരുത മനോഹരം തന്നെയാണ്.

എല്ലാ പവിലിയനുകളും ഒന്നിനൊന്ന് മെച്ചമാണ്. സൗദി, സിങ്കപ്പൂർ, റഷ്യ, സ്പെയിൻ, കുവൈത്ത്, അസർബൈജാൻ എന്നിവയൊക്കെയാണ് ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലത്. ഓരോ രാജ്യങ്ങളുടെയും പൗരാണികമായ സവിശേഷതകളും ആധുനികമാറ്റങ്ങളും ഭാവിയിലെ രൂപമാറ്റങ്ങളും എല്ലാമായി വൈവിധ്യമായ സാംസ്കാരികതയെ അടുത്തറിയാൻ ഉതകുന്നു എന്നതാണ് എക്സ്‌പോയുടെ പ്രത്യേകത.

യു.എ.ഇ.യിലുള്ളവർ ഒരിക്കലെങ്കിലും ഈ വർണവിസ്മയലോകം സന്ദർശിച്ചില്ലെങ്കിൽ അത് വലിയ നഷ്ടംതന്നെയാകും എന്നതിൽ രണ്ടഭിപ്രായമില്ല.