ദുബായ് : ഗ്ലോബൽ വില്ലേജ് ഗതാഗതസംവിധാനം കാര്യക്ഷമമാക്കി ദുബായ് പോലീസ്. ജനങ്ങളുടെ വരവുംപോക്കും നിയന്ത്രിക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കാനും സുരക്ഷാ ജീവനക്കാർക്ക് പോലീസ് പ്രത്യേകപരിശീലനം നൽകി.

പ്രധാന കേന്ദ്രങ്ങളിൽ സേവനം നടത്തുന്ന ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ നിർദേശത്തിൽ ഗതാഗത വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റോയ് ബോധവത്കരണ, സുരക്ഷാ ശില്പശാല നടത്തി. ഗതാഗതസംബന്ധമായ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള പരിജ്ഞാനം ലഭ്യമാക്കാൻ ഇത് സഹായകമാകുമെന്ന് മസ്‌റോയ് പറഞ്ഞു.

വിവിധ തരത്തിലുള്ള അപകടങ്ങൾ നിയന്ത്രിക്കുന്നതിനും സംഭവിച്ചുകഴിഞ്ഞാൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും വിശദീകരിച്ചു. പോലീസ് സ്മാർട്ട് ആപ്പ് ഉപയോഗം, സിഗ്നലുകൾ എന്നിവയെക്കുറിച്ചും കൃത്യമായ അവബോധമുണ്ടാക്കാൻ ക്ലാസ് സഹായകമായി.