അബുദാബി : ലുലു ഗ്രൂപ്പിന്റെ 195-ാമത് ഹൈപ്പർമാർക്കറ്റ് അബുദാബി ഖലീഫ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ഫോർസാൻ സെൻട്രൽ മാളിലാണ് 1,60,000 ചതുരശ്രയടി വലിപ്പമുള്ള പുതിയശാഖ തുറന്നത്.

അബുദാബി സാമ്പത്തികവികസന വകുപ്പ് ചെയർമാൻ മൊഹമ്മദ് അലി അൽ ഷൊറാഫ ഉദ്ഘാടനം നിർവഹിച്ചു. അബുദാബി കാർഷിക-ഭക്ഷ്യസുരക്ഷ വിഭാഗം ഡയറക്ടർ ജനറൽ സായിദ് അൽ ബഹ്‌റി അൽ അമീരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം എന്നിവർ പങ്കെടുത്തു. ഖലീഫ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളായ അൽ ഫല, യാസ് ഐലന്റ്, അൽ റാഹ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലെയും ആളുകൾക്ക് സേവനം ലഭ്യമാക്കാൻ ഈ ശാഖയ്ക്ക് കഴിയും.

യു.എ.ഇ. ഭരണനേതൃത്വത്തിന്റെ യഥാസമയമുള്ള ഇടപെടലുകൾ ഭക്ഷ്യവസ്തുക്കൾ കൃത്യമായി രാജ്യത്ത് ലഭ്യമാക്കാൻ സഹായിച്ചതായി യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവിളികൾ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്യുമെന്നും വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ലുലു ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെയായി ഏഴ് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു വിവിധരാജ്യങ്ങളിൽ തുറന്നത്. 2021 മാർച്ച് ആകുമ്പോഴേക്കും ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകും. ഇ-കൊമേഴ്‌സ് പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി അബുദാബി ഐക്കാഡ് സിറ്റിയിൽ ഫുൾഫിൽമെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യു.എ.ഇ.യിൽമാത്രം രണ്ടുവർഷത്തിനുള്ളിൽ ഇരുപതിലധികം ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.