അബുദാബി : ശൈഖ് സായിദ് പൈതൃകാഘോഷത്തിന്റെ ഭാഗമായി അബുദാബി പോലീസും.
കഴിഞ്ഞ കാലങ്ങളിൽ പോലീസ് സേനയിലും വാഹന വ്യൂഹത്തിലും സംഭവിച്ച മാറ്റങ്ങളും അതിന്റെ പ്രത്യേകതകളും സന്ദർശകർക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് പ്രദർശനം.
പോലീസിന്റെ ബാൻഡ് സംഘം അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികൾ വേറിട്ട കാഴ്ചയാണ്. സ്മാർട്ട് സർവീസുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഗതാഗത സുരക്ഷാ ബോധവത്കരണങ്ങളും നടത്തുന്നുണ്ട്. 1979-ൽ പോലീസ് ഉപയോഗിച്ചിരുന്ന വാഹനം, ആ കാലം മുതലുള്ള യൂണിഫോമുകൾ എന്നിവയെല്ലാം പ്രദർശനത്തിനുണ്ട്. ഇത് പരിശോധിക്കാനും ചിത്രങ്ങളെടുക്കാനും ഒട്ടേറെപ്പേരാണ് എത്തുന്നത്.
നവംബർ 20-ന് ആരംഭിച്ച ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ 2021 ഫെബ്രുവരി 20 വരെ നടക്കും. അബുദാബിയിൽനിന്ന് അൽ വത്ബയിലെ ആഘോഷ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.