ദുബായ് : യു.എ.ഇ.യിൽ നിലവിലുള്ള അനധികൃത താമസക്കാരെ ജോലിയ്ക്കെടുത്താൽ 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞും യു.എ.ഇ.യിൽ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിയ്ക്കെടുക്കരുതെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച വ്യാപക ബോധവത്കരണം തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ വ്യക്തമാക്കി. താമസ നിയമങ്ങൾ ലംഘിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ഇതിനെതിരേ വ്യാപക പരിശോധനയാണ് നടന്നുവരുന്നതെന്ന് ദുബായ് പോലീസും വ്യക്തമാക്കുന്നു. ഡിസംബർ 31 വരെയാണ് വിസ കാലാവധി കഴിഞ്ഞവർക്കും മറ്റ് അനധികൃത താമസക്കാർക്കും സൗജന്യമായി രാജ്യം വിടാനുള്ള സമയപരിധി. തൊഴിൽ തർക്കമുള്ളവർക്ക് 80060 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. അനധികൃത താമസക്കാരെക്കുറിച്ചും ഇതിൽ വിവരങ്ങൾ നൽകാനാവും.
നിയമലംഘകരില്ലാത്ത മാതൃരാജ്യം കാമ്പയിനുമായി ജി.ഡി.ആർ.എഫ്.എ.
ദുബായ് : അനധികൃത താമസക്കാരില്ലാത്ത രാജ്യം എന്ന ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ‘നിയമലംഘകരില്ലാത്ത മാതൃരാജ്യം’ എന്ന കാമ്പയിനിന് തുടക്കമിട്ടു. വിസ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുക, അനധികൃത താമസക്കാരെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുക എന്നിവയാണ് കാമ്പയിൻകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്‌ത്ത് പറഞ്ഞു. മാർച്ച് ഒന്നിനു മുമ്പ് അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്നവരെപ്പറ്റി വകുപ്പ് നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘നിയമലംഘകരില്ലാത്ത മാതൃരാജ്യം’ എന്ന കാമ്പയിനുമായി അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്. നിയമലംഘകരെകുറിച്ച് വിവരം നൽകുന്നവർക്ക് പ്രത്യേക ആദരവ് ലഭിക്കുമെന്ന് വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്‌ത്ത് വ്യക്തമാക്കി.
ആമർ കോൾ സെന്ററിൽ (8005111) വിളിച്ച് വേണ്ട നിർദേശങ്ങൾ അറിയാം. കോവിഡ് പശ്ചാത്തലത്തിൽ ജൂൺമുതൽ ദുബായിൽനിന്നും 1,600 പേരെ തിരിച്ചയച്ചതായി ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബെയ്ദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സുരക്ഷിതരായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ അവർക്ക് പാർപ്പിടവും ഭക്ഷണവും മറ്റു സഹായങ്ങളും വകുപ്പ് നൽകിയെന്ന് മേജർ ജനറൽ വിശദീകരിച്ചു.