ഷാർജ : വെള്ളിയാഴ്ച പ്രാർഥനകൾക്കായി ഷാർജയിൽ കൂടുതൽ പള്ളികൾ തുറക്കുന്നു. ഡിസംബർ നാലുമുതൽ ഷാർജയിലെ 487 പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന പുനരാരംഭിക്കും. കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പള്ളികൾ തുറക്കുക. പള്ളികളിൽ 327 എണ്ണം ഷാർജ നഗരത്തിലും 92 എണ്ണം മധ്യമേഖലയിലും 68 കിഴക്കൻ മേഖലയിലുമാണുള്ളത്. വിശ്വാസികൾ കൃത്യമായ സാമൂഹികാകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം. സ്വന്തം പ്രാർഥനാ പായകൾ കൊണ്ടുവരണം. പ്രാർഥന കഴിഞ്ഞ് അവ തിരികെ കൊണ്ടുപോവുകയും വേണം.
പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന പ്രാർഥന കഴിഞ്ഞ ജൂലായ് മുതൽ പുനരാരംഭിച്ചിരുന്നു. എങ്കിലും വെള്ളിയാഴ്ച ജുമുഅ പ്രാർഥന നടത്താൻ അനുമതി നൽകിയിരുന്നില്ല. 30 ശതമാനം ശേഷിയിലായിരിക്കും വെള്ളിയാഴ്ചകളിൽ പള്ളികളിലേക്ക് പ്രവേശനമെന്ന് അധികൃതർ അറിയിച്ചു. സാധാരണ അരമണിക്കൂറിലേറെ നീണ്ടുനിൽക്കാറുള്ള ജുമുഅ പ്രാർഥന 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം. പ്രാർഥന തുടങ്ങുന്നതിന്റെ 30 മിനിറ്റ് മുമ്പ് മാത്രമായിരിക്കും പ്രവേശനം. പ്രാർഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞാൽ പള്ളി അടയ്ക്കുകയും ചെയ്യും. ആളുകൾക്ക് പള്ളിയിൽ കയറാനും ഇറങ്ങാനും പ്രത്യേക വഴികളുണ്ടാകും. ഖുർആൻ പാരായണം ചെയ്യുന്നവർ അതു സ്വന്തമായി കൊണ്ടുവരികയോ മൊബൈൽ ആപ്പ് ഉപയോഗിക്കുകയോ ആവാം. അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലവും ശൗചാലയവും അടച്ചിടും. പള്ളികളിലിരുന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കാനും വിതരണം ചെയ്യാനും അനുവാദമില്ല. സ്ത്രീകൾക്കുള്ള പ്രാർഥനാഹാൾ ഇപ്പോൾ തുറക്കില്ല. കൈകൾ എപ്പോഴും അണുവിമുക്തമാക്കണം. പരസ്പരം കൈകൊടുക്കാൻ പാടില്ല. പള്ളി ജീവനക്കാർക്കെല്ലാം കൃത്യമായി കോവിഡ് പരിശോധന നടത്തിയിരിക്കണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നിർദേശിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രായമായവരും കുട്ടികളും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രാർഥനയിൽ പങ്കെടുക്കരുത്. പനി, ചുമ പോലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവരും വീട്ടിൽത്തന്നെ നമസ്‌കരിക്കണം. അതോടൊപ്പം വ്യവസായ മേഖലകളിൽ ജുമുഅ പ്രാർഥന പുനരാരംഭിക്കാൻ അധികൃതർ തത്കാലം അനുവാദം നൽകിയിട്ടില്ല. വിശ്വാസികൾ കൃത്യമായ സാമൂഹികാകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം