കൊച്ചി : കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശങ്ങളിൽനിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് ശമ്പള ആനുകൂല്യത്തിൽ കിട്ടാനുള്ളത് 1180 കോടിയോളം രൂപ. സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ്‌സ് സ്റ്റഡീസ് (സി.ഐ.എം.എസ്.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കിട്ടാനുള്ള ശമ്പളം, ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ഓവർടൈം തുക എന്നിവയാണ് നഷ്ടമായത്.

ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന പ്രതീക്ഷയോടെ നാട്ടിലെത്തിയവരാണ് ഭൂരിപക്ഷവും. എന്നാൽ, പലർക്കും ജോലിയിൽ തുടരേണ്ടതില്ലെന്നും വിസ ഇനി പുതുക്കിനൽകേണ്ടതില്ലെന്നുമുള്ള അറിയിപ്പുകളാണ് തൊഴിൽദാതാക്കളിൽനിന്ന് ലഭിച്ചത്.

ജൂലായ് 15-ന് നോർക്ക റൂട്‌സ് കണക്കുപ്രകാരം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട്‌ തിരികെവന്നവരുടെ എണ്ണം 10,98,334 ആണ്. ഇതിൽ 1,20,816-ഓളം പേർക്ക് അവരുടെ ശമ്പള, വേതന ആനുകൂല്യങ്ങൾ കിട്ടാനുണ്ടെന്നും അതിൽ ഒരാൾക്ക് ലഭിക്കാനുള്ളത് ശരാശരി ഒരു ലക്ഷമാണെന്നുമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, യഥാർഥ കണക്കുകളും ശരാശരി തുകയും ഇതിലും കൂടുതലായിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇതിന്റെ യഥാർഥ ചിത്രം കണക്കാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.