ദുബായ് : യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻവിസ ലഭിക്കുന്നതിനായി എല്ലാ ഡോക്ടർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കും സമർപ്പണത്തിനുമുള്ള ആദരവായാണ് ഗോൾഡൻവിസ നൽകുന്നതെന്ന് യു.എ.ഇ. സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻവിസ ലഭിക്കും.

യു.എ.ഇ. ആരോഗ്യവകുപ്പിന്റെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും ജൂലായ് മുതൽ 2022 സെപ്‌റ്റംബർവരെ ഗോൾഡൻവിസയ്ക്ക് അപേക്ഷിക്കാം.

smartservices.ica.gov.ae. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ദുബായ് ലൈസൻസുള്ള ഡോക്ടർമാർ smart.gdrfad.gov.ae. എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ഡോക്ടർമാർക്ക് വിസ നടപടികൾ പൂർത്തിയാക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യു.എ.ഇ.യിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഗോൾഡൻവിസ അനുവദിക്കുന്നത്. ഇതുവഴി ആരോഗ്യരംഗത്തേക്ക് വിദഗ്ധരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിക്ഷേപകർ, സംരംഭകർ, കലാകാരന്മാർ എന്നീ വിഭാഗങ്ങൾക്കും യു.എ.ഇ.യിൽ അഞ്ചോ പത്തോ വർഷത്തെ ദീർഘകാല റെസിഡൻസി വിസകൾ അനുവദിക്കുന്നുണ്ട്.