നനത്തിന് ഏറ്റം അനുകൂലമായ ഈ ആശ്രമത്തിന്റെ വർണന വായിക്കുമ്പോൾ ഏറക്കുറെ പതിന്നാലുസംവത്സരങ്ങളും ശ്രീരാമൻ മുനിജനസേവിതനായി വസിച്ചേക്കുമെന്നാണ് തോന്നുക. പക്ഷേ, വിധി അതല്ലല്ലോ അവർക്ക് ഒരുക്കിവെച്ചിട്ടുള്ളത്. ഇത് ത്യാഗത്തിന്റെയും ശമത്തിന്റെയും ഒരു ഇടവേളമാത്രം.

ദണ്ഡകാരണ്യം ആ പ്രശാന്തിയെ കൂടുതൽ അഗാധമാക്കിത്തീർത്തിരിക്കണം. അവിടെ മുക്തിമാർഗം അരുളീടുന്ന ശ്രീരാമനും അതുശ്രവിക്കുന്ന സൗമിത്രിയും സമാഹിതചിത്താവസ്ഥയിലേക്ക് അടുക്കുകയാണ്. ജീവാത്മാവെന്നും പരമാത്മാവെന്നും വിവക്ഷിക്കുന്നത് കേവലം പര്യായശബ്ദങ്ങളാണ്; അവ തമ്മിൽ ഭേദമുണ്ടെന്ന്‌ സങ്കല്പിക്കുന്നത് വിമൂഢതയാണ്. അതിൽ പരമാണ് നിഹിതമായിരിക്കുന്നത്. ഇങ്ങനെ ഗ്രഹിക്കാത്തതുമൂലമാണ് അപരം ഉണ്ടാവുന്നത്. അത് വെളിപ്പെടുമ്പോൾ പരാപരത അസ്തമിച്ചുപോവുന്നു.

അനഹങ്കാരം, സമഭാവന എന്നീ രണ്ടുഗുണവിശേഷങ്ങളാണ് ശ്രീരാമൻ സൗമിത്രിക്ക് പറഞ്ഞുകൊടുക്കുന്നത്.

കാലുകൾകൊണ്ടുമാത്രമല്ല, നയനവും വെളിച്ചവുംകൂടി ചേരുമ്പോഴേ നേർവഴി തെളിയുകയുള്ളൂ. കാട്ടിൽ ഇപ്പറഞ്ഞതിന്റെ പ്രസക്തി ഗംഭീരമാണ്. ഇവിടെ ഗൗതമീനദിയുടെ തീരത്ത് സൗമിത്രി എത്രയോ നിരാകുലനാണ്. സംയമിയാണ് എന്നുകൂടി ധരിക്കാം.

പഞ്ചവടിയുടെ ഈ സാന്നിധ്യമൊഴിഞ്ഞാൽ ഇതുപോലെ ഒരു ഉപദേശഗാഥയ്ക്ക് അവകാശമില്ല. പിന്നീടുള്ള സംഭവങ്ങളുടെ ഒഴുക്ക് അത്രയ്ക്ക് തീക്ഷ്ണമാണ്. പഞ്ചവടി അതിനാൽ ശ്രീരാമലക്ഷ്മണന്മാരുടെ ഒട്ടാകെയുള്ള ജീവിതത്തിൽ അതിശാന്തമായ ഒരു അനുസന്ധാനത്തിന്റെ പ്രാതഃകാലമാണ്.

ശൂർപ്പണഖയുടെ ആഗമനത്തോടെ ഈ ആവാസത്തിൽ ക്ഷോഭങ്ങൾ അനിവാര്യമായി ആഞ്ഞടിക്കുകയാണല്ലോ.

രാമായണത്തിൽ മറ്റൊരിടത്തും സ്ഫുരിക്കാത്ത രാഗശോണിമ പഞ്ചവടിയിൽമാത്രമാണ് അനുഭവസ്ഥമാവുക. ആദികാവ്യത്തിൽ രതിയുടെ നേർത്തതല്ലാത്ത അഭാവമുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടെങ്കിൽ.

പഞ്ചവടിപ്രവേശംമാത്രമാണ് അതിന് ചെറിയൊരപവാദം. ഇനി സംഭവിക്കേണ്ടുന്ന വേർപാടിന്റെ കാലങ്ങളിൽ സീതയെയും രാമനെയും അല്പമെങ്കിലും സാന്ത്വനിപ്പിക്കുന്നത് അവിടത്തെ ഓർമകളാണ്. പരസ്പരം അല്ലി തീറ്റുന്ന ചക്രവാകമിഥുനങ്ങളല്ലോ രാമനും സീതയും.

തുടർന്നുള്ള ഘട്ടങ്ങളിലൊന്നും ആരണ്യകാണ്ഡത്തിന്റെ വിജനത ഉളവാകുന്നില്ല. കിഷ്കിന്ധാകാണ്ഡത്തിൽ പർവതവും സുന്ദരകാണ്ഡത്തിൽ സാഗരവും യുദ്ധകാണ്ഡത്തിൽ ഒരിടത്തുമാത്രം-മൃതസഞ്ജീവനികൊണ്ടുവരുന്ന വേളയിൽ-കാടും സ്ഫുരിക്കുന്നു. കർക്കടകരാശിയിലെ ഉച്ഛസ്ഥിതി സൂചിപ്പിക്കുന്നപോലെ പ്രകൃതിയുമായി ഏറ്റം കുബേരമായ ചാർച്ച ശ്രീരാമന്റെ ജീവിതത്തിൽ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ത്യാഗത്തിന്റെ കഥനംമാത്രമല്ല നാമറിയുക, പ്രകൃതിവ്യവസ്ഥയുടെ വിശാലമായ പരിപാലനവുമാണ്.

വര: ബി.എസ്‌. പ്രദീപ്‌കുമാർ