ദുബായ് : സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനാവില്ലെന്ന് ആരോഗ്യ അധികൃതർ. നിലവിൽ യു.എ.ഇ. പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ് വാക്സിൻ നൽകിവരുന്നത്. ഇക്കാര്യം യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) വെബ്‌സൈറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമാണ് പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. റാസൽഖൈമയിൽ സന്ദർശകവിസയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നു എന്ന തരത്തിൽ വ്യാജസന്ദേശം പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പാസ്പോർട്ടും സന്ദർശക വിസയും കാണിച്ചാൽ മുൻകൂട്ടി ബുക്കിങ് ഇല്ലാതെ റാക്ക് സർക്കാരിന് കീഴിലുള്ള ഇടങ്ങളിൽ വാക്സിൻ ലഭിക്കുമെന്നായിരുന്നു വാട്‌സാപ്പ് വഴി പ്രചരിച്ചിരുന്ന സന്ദേശം. സന്ദേശത്തിൽ വിശ്വാസ്യതയ്ക്കായി മൊഹാപ്പ് വെബ്‌സൈറ്റ് വിലാസവും നൽകിയിരുന്നു. ഇതറിഞ്ഞ് സന്ദർശക വിസയിൽ ദുബായിൽ കഴിയുന്ന 70 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യൻ സ്വദേശികളായ മൻമോഹൻസിങ്ങും ഭാര്യയും റാസൽഖൈമയിലെത്തി.

ശാരീരിക അവശതകളുള്ള ദമ്പതികൾ ഒരു മണിക്കൂറിലേറെ യാത്രചെയ്ത് റാക്ക് ഹെൽത്ത് സെന്ററിൽ എത്തിയപ്പോഴാണ് വാർത്ത വ്യാജമാണെന്ന് തിരിച്ചറിയുന്നത്.

ഒട്ടേറെ ആളുകളാണ് വ്യാജവാർത്തയറിഞ്ഞ് റാക്ക് ഹെൽത്ത് സെന്ററിലേക്ക് എത്തിയതെന്ന് അധികൃതർ സൂചിപ്പിച്ചു. മൻമോഹൻസിങ്ങും ഭാര്യയും കഴിഞ്ഞ ജനുവരിയിലാണ് മൂന്ന് മാസത്തെ സന്ദർശക വിസയിൽ ദുബായിലെത്തിയത്. ഏപ്രിലിൽ ഡൽഹിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെതുടർന്ന് മൂന്നുമാസംകൂടി വിസ നീട്ടേണ്ടിവന്നു.

ദുബായ് ഏറെ സുരക്ഷിതമാണ്. ആറുമാസം യു.എ.ഇയിൽ കഴിഞ്ഞിട്ടും കുത്തിവെപ്പെടുക്കാനാവുന്നില്ല. ഇപ്പോഴത്തെ ഒരേയൊരു പ്രശ്നം സന്ദർശകർക്ക് വാക്സിനേഷൻ ലഭിക്കുന്നില്ല എന്നതാണ്. പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ കോവിഡ് രോഗബാധയ്ക്ക് ഇരയാകുമോ എന്ന ഭയം അലട്ടുന്നുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം പ്രതിരോധ കുത്തിവെപ്പെടുക്കാൻ തീരുമാനിച്ചത്. വാട്‌സാപ്പിലൂടെയാണ് റാസൽഖൈമയിൽ വാക്സിൻ നൽകുന്നുവെന്ന വിവരമറിയുന്നതെന്നും വൃദ്ധദമ്പതികൾ പറഞ്ഞു. സന്ദർശകവിസക്കാർക്ക് യു.എ.ഇ സർക്കാർ ഉടൻ വാക്സിനേഷൻ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം നിലവിൽ യു.എ.ഇയിൽ സന്ദർശകവിസക്കാർക്ക് കോവിഡ് വാക്സിൻ ലഭ്യമല്ലെന്നും വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.