ഇന്ന് അന്താരാഷ്ട്ര നൃത്തദിനം. കലാ പ്രവർത്തനങ്ങൾക്ക് ഏറെ വളക്കൂറുള്ള യു.എ.ഇ.യിലെ വിരസമായ ദിനങ്ങൾക്കപ്പുറത്തെ പ്രതീക്ഷയെക്കുറിച്ച് നർത്തകിയും നൃത്താധ്യാപികയുമായ പ്രിയ മനോജ് പങ്കുവെക്കുന്നു

:മഹാമാരി താണ്ഡവമാടിയ ഒന്നരക്കൊല്ലം വേദികളേതുമില്ലാതായിപ്പോയ ആയിരക്കണക്കിന് കലാപ്രവർത്തകരുണ്ട്. മനസ്സിലും ശരീരത്തിലും നൃത്തച്ചുവടുകളുമായി ജീവിക്കുന്ന അവർ ആളുകൾ സധൈര്യം സന്തോഷത്തോടെ അവതരണങ്ങൾ കാണാനെത്തുന്ന വേദികൾക്കായുള്ള കാത്തിരിപ്പിലാണ്.

നൃത്തം ഒരു ഉപാസനയായി കൊണ്ടുനടക്കുന്നവർക്ക് സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് പറന്നുയരാനുള്ള ഒരു പാതയാണത്. ആത്മീയമായ സന്തോഷവും ആത്യന്തികമായ സമാധാനവും പകരുന്ന ഒന്ന്.

കലാസാംസ്കാരിക സദസ്സുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെയാണ് പലരിലും അത്തരം മുഹൂർത്തങ്ങൾ എത്രമാത്രം നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു എന്നുള്ള ചിന്തകൾ ഉരുത്തിരിയുന്നത്. നിരന്തരം നമ്മൾ അറിഞ്ഞും അറിയാതെയും കണ്ടുംകേട്ടും പോകുന്ന മരണ വാർത്തകൾ, കോവിഡ് വ്യാപന നിരക്കിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം മനസ്സിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിന്റെ ബാധ്യത താങ്ങാൻ കഴിയാതിരിക്കുകയാണ് ഭൂരിഭാഗവും. ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങളിൽനിന്നും ഒരു നർത്തകി/നർത്തകൻ സമാധാനം കണ്ടെത്തുന്നത് തന്റെ ചുവടുകളുടെ ചിട്ടയായ താളങ്ങളിലൂടെയാണ്.

നാട്ടിലെ കലോത്സവമടക്കമുള്ള വേദികൾ നഷ്ടപ്പെടുന്ന പ്രതിഭാശാലികളായ ഒരുപാട് കുട്ടികളുള്ള സ്ഥലമാണ് യു.എ.ഇ. അക്കാദമിക് തിരക്കുകൾക്കൊപ്പം അവർ സർഗശേഷിയും മിനുക്കിയെടുക്കുന്നു. കർശന നിയന്ത്രണങ്ങൾക്കിടയിൽ സ്കൂൾ വിദ്യാഭ്യാസംപോലെ കലാപരിശീലനവും കുട്ടികൾ ഇക്കാലയളവിൽ ഓൺലൈനായി നടത്തിവരുന്നുണ്ട്.

ഗുരുമുഖത്തുനിന്നും അടവുകൾ നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ അവർക്ക് അവസരമില്ല. എങ്കിലും മനസ്സുമടുപ്പിക്കുന്ന ദുരന്തവാർത്തകൾക്കിടയിൽ ശരീരത്തിനും മനസ്സിനും ഉണർവേകാൻ അവർ പരിശീലനം തുടരുന്നു. മഹാമാരിയുടെ തീച്ചൂളയിൽനിന്നും പറന്നുയർന്ന് സന്തോഷത്തോടെയുള്ള പ്രയാണം നടത്താൻ നമുക്കേവർക്കുമാവണം. ചടുലമായ ചുവടുകളിലൂടെ ഹൃദയത്തിന്റെ താളം നിലനിർത്തി മുന്നോട്ടുപോക്കിനുള്ള പ്രചോദനമാണ് ഈ നൃത്തദിനം അടയാളപ്പെടുത്തുന്നത്.