അബുദാബി : യു.എ.ഇ.യിൽ പലയിടങ്ങളിലും ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഇടിമിന്നലോടെയായിരുന്നു മഴ. അബുദാബിയിൽ ഇടിമിന്നലോടെയാണ് മഴ പെയ്തത്. മുഷ്‌രിഫ്, ഖാലിദിയ, കോർണിഷ് എന്നിവിടങ്ങളിൽ ഉൾപ്പെടെ മഴ ലഭിച്ചു. സാദിയാത്ത് ദ്വീപ്, അൽ ഹുദൈരിയത്ത്, അൽ ഷഹാമ, അൽ ബഹിയ, റഹ്ബ എന്നിവയുടെ സമീപപ്രദേശങ്ങളിലും നേരിയതോതിൽ മഴപെയ്തു. ജോലിക്ക് പോകാൻ ഇറങ്ങിയവർക്കെല്ലാം മഴ വെല്ലുവിളിയായി.

ഫുജൈറയിലാണ് ഏറ്റവുമധികം മഴലഭിച്ചത്. വാദികളിൽ മിക്കവയും കരകവിഞ്ഞ് റോഡുകളിലും വഴികളിലും വെള്ളക്കെട്ടുണ്ടാക്കി. ഷാർജ ഖോർഫക്കാൻ, അജ്മാൻ മനാമ എന്നിവിടങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

ഈയാഴ്ച യു.എ.ഇ.യിൽ കാര്യമായ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ക്ലൗഡ് സീഡിങ് നടത്തിയാണ് മഴപെയ്യിക്കുന്നത്. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. മഴ കനക്കുന്ന സമയങ്ങളിൽ വാഹനമുപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗതാഗതവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാവുമ്പോൾ അബുദാബി നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററാക്കി ചുരുക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. ഡ്രൈവർമാർ ഇത് പരിഗണിക്കണം. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കണം അമിതവേഗവും അനാവശ്യമായ യാത്രകളും ഒഴിവാക്കണം. വെള്ളക്കെട്ടുകളിലും തുറസായ സ്ഥലങ്ങളിലും പോകരുതെന്നും പോലീസ് മുന്നറിയിപ്പുനൽകി. ബുധനാഴ്ച മുതൽ യു.എ.ഇ.യിലുടനീളം മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പ്.