ദുബായ് : റംസാനിൽ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റ് വെബ്‌സൈറ്റുകൾ വ്യാജമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. കൃത്യമായി പരിശോധിച്ചുവേണം വെബ്‌സൈറ്റുകൾ വഴി ഭക്ഷണം ഓർഡർചെയ്യാൻ. കോവിഡ് കാലമായതിനാൽ പലരും ഓൺലൈൻ വഴിയാണ് ഓർഡറുകൾ അധികവും നടത്തുന്നത്. ഭക്ഷണ ഓർഡറുകൾക്ക് വെബ്‌സൈറ്റുകളെ ആശ്രയിക്കാതെ നേരിട്ട് റെസ്‌റ്റോറന്റുകളിലെ നമ്പറുകളിലേക്ക് വിളിക്കണമെന്ന് അധികൃതർ താമസക്കാരോട് നിർദേശിച്ചു. റംസാൻ കാലയളവിൽ വ്യാജ വെബ്‌സൈറ്റുകളുമായി നിരവധി തട്ടിപ്പുസംഘങ്ങളുണ്ട്.

റംസാൻ മാസത്തിലെ ഭക്ഷണ ആവശ്യം മുതലെടുത്തുകൊണ്ടാണ് വൻതോതിൽ തട്ടിപ്പ് നടക്കുന്നത്. ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കാനായി ഭക്ഷണത്തിന് വൻ ഡിസ്‌കൗണ്ടും രേഖപ്പെടുത്തിയിരിക്കും. പിന്നീട് ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിശദാംശങ്ങൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. വിശുദ്ധറംസാൻ മാസത്തിന്റെ തുടക്കത്തിൽ ഒട്ടേറെപ്പേരാണ് ഇത്തരത്തിൽ തട്ടിപ്പിലകപ്പെട്ടത്. ഷാർജ, അജ്മാൻ, റാസൽഖൈമ അധികൃതർക്ക് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്.