ദുബായ് : സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ദൗത്യങ്ങളും സംരംഭങ്ങളും ആരംഭിച്ചതിന്റെ അംഗീകാരമായി യു.എ.ഇ ആസ്റ്റർ ഹോസ്പിറ്റൽസിന് യു.എ.ഇ. ഇന്നൊവേഷൻ അവാർഡ് ലഭിച്ചു.

ജീവനക്കാർക്കും ക്ലിനിക്കുകളിലെ ഡോക്ടർമാർ, രോഗികൾ എന്നിവർക്ക് മികച്ച അനുഭവം നൽകുന്നതിനായുള്ള ആസ്റ്റർ ഹോസ്പിറ്റലിന്റെ ചുവടുവെപ്പുകളാണ് അവാർഡിന് അർഹമാക്കിയത്. ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചുനടന്ന ചടങ്ങിൽ ദുബായ് ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സമീറ ഷാലോയിൽനിന്ന്‌ യു.എ.ഇ. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ. ഡോ. ഷെർബാസ് ബിച്ചു അവാർഡ് ഏറ്റുവാങ്ങി.

സാറ ഇൽയാസ് (സി.എൻ.ഒ-ആസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്‌സ്), ഡോ. പദം സുന്ദർ കാഫ്‌ലേ (ഹെഡ് -ഐടി ആൻഡ് ഓട്ടോമേഷൻ, ആസ്റ്റർ ഹോസ്പിറ്റൽസ് യു.എ.ഇ), ജോസഫ് ജോർജ് (റീജിയണൽ ഹെഡ്- ഐ.ടി, ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് ജി.സി.സി.) എന്നിവർ സന്നിഹിതരായി.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് ക്വാളിറ്റി ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലുള്ളതാണ് യു.എ.ഇ ഇന്നൊവേഷൻ അവാർഡ് 2021.

ഈ അവാർഡ് യു.എ.ഇയിലെ സ്വകാര്യമേഖലയിലെ കമ്പനികൾക്ക് അവരുടെ നൂതനമായ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ് ഒരുക്കുന്നത്. നവീകരണ മികവിനെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്നതാണ് യു.എ.ഇ ഇന്നൊവേഷൻ അവാർഡ് ലക്ഷ്യമിടുന്നത്‌.