വൈവിധ്യം വൈരുധ്യമാക്കരുത്‌

മനുഷ്യന്റെ അകവും പുറവും ശുദ്ധീകരിക്കാനുള്ള ദൈവിക നിർദേശങ്ങളാണ്‌ മതനിയമങ്ങൾ. മനുഷ്യാരംഭം മുതൽ മനുഷ്യന്‌ ദൈവിക നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ്‌ മതഗ്രന്ഥങ്ങൾ പറയുന്നത്‌. ബൈബിളിൽ ആദാം എന്നും ഖുർആനിൽ ആദം എന്നുമാണ്‌ ആദ്യമനുഷ്യന്റെ പേര്‌ പറഞ്ഞിട്ടുള്ളത്‌. ആദം പത്നി ഹവ്വയും സ്വർഗത്തിലായിരുന്നു. പിന്നീടവരെ ഭൂമിയിലേക്കയച്ചു. മനുഷ്യസമൂഹത്തിന്റെ ആദ്യത്തെ മാതാപിതാക്കൾ ഭൂമിയിൽ ജീവിതം തുടങ്ങി. പിന്നീടവർക്ക്‌ മക്കളുണ്ടായി. അവർ പെറ്റുപെരുകി ലോകമെങ്ങും വ്യാപിച്ചു. മനുഷ്യകുലത്തിന്റെ ശില്പികൾക്ക്‌ ആദ്യദിനം തന്നെ ദൈവം ഒരു ജീവിതരേഖ നൽകിയിരുന്നുവെന്ന്‌ ഖുർആൻ പറയുന്നുണ്ട്‌. ആ നിയമസംഹിതയെക്കുറിച്ച്‌ ഹുദാ (സന്മാർഗ ദർശനം) എന്നാണ്‌ ഖുർആൻ വിശേഷിപ്പിച്ചത്‌. അതാണ്‌ എല്ലാ പ്രവാചകന്മാരും സമൂഹത്തിന്‌ പറഞ്ഞുകൊടുത്ത സന്ദേശങ്ങൾ. കാലദേശഭാഷാ വ്യത്യാസമനുസരിച്ച്‌ വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്ത്വങ്ങൾ ഒന്നുതന്നെയായിത്തീരാൻ കാരണം എല്ലാം ഒരേ സ്രോതസ്സിൽ നിന്നുവന്നതായതുകൊണ്ടാണ്‌.

ദൈവം നൽകിയ സൻമാർഗദർശനം അനുധാവനം ചെയ്യുന്നവർക്ക്‌ ഭയപ്പാടും ദുഃഖവുമുണ്ടാവില്ല എന്ന്‌ ഖുർആൻ പറയുന്നു. വലിയൊരനുഗ്രഹം തന്നെയാണത്‌. ഇന്ന്‌ ലോക ജനതയിൽ വലിയൊരുഭാഗം ആളുകൾ ഭയപ്പെട്ടും ദുഃഖിച്ചും കഴിയുന്നവരാണ്‌. ജീവിതം നൽകിയ പടച്ചവൻ തന്നെയാണ്‌ ജീവിതസൗകര്യങ്ങളും നൽകുന്നത്‌ എന്ന ഉറച്ചബോധ്യമുണ്ടെങ്കിൽ ഉള്ളതുകൊണ്ട്‌ സന്തോഷത്തോടെ കഴിയാൻ ഏതൊരാൾക്കും സാധിക്കും. എത്രകിട്ടിയാലും ആഗ്രഹങ്ങൾ തീരാത്തവർ എന്നും നിരാശയിലും നഷ്ടബോധത്തിലുമായിരിക്കും. അതിനാൽത്തന്നെ ദൈവത്തിന്റെ സന്മാർഗദർശനമുൾക്കൊണ്ടവർ ശാന്തരും തൃപ്തരുമായി ജീവിക്കും. ഈ മാനസികാവസ്ഥയാണ്‌ യഥാർഥത്തിൽ ആത്മീയത. അപ്രകാരംതന്നെ സ്വന്തം ജീവിതംകൊണ്ട്‌ മറ്റാരും ദുഃഖിക്കുവാനും കഷ്ടപ്പെടുവാനും കാരണമാവരുതെന്ന്‌ ഓരോരുത്തരും തീരുമാനിക്കണം. അതും ആത്മീയത തന്നെയാണ്‌.

ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളും ഒരേ ധർമശാസ്ത്രത്തിന്റെ അവകാശികളുമായ മനുഷ്യർ നന്മയിൽ സഹകരിച്ചും തിന്മയോട്‌ വിയോജിച്ചുമാണ്‌ ജീവിക്കേണ്ടത്‌. മനുഷ്യർക്കിടയിലുള്ള വൈവിധ്യങ്ങൾ ദൈവികമായതിനെക്കാൾ തന്നെ അവ വൈരുധ്യങ്ങളാക്കാൻ നാം ശ്രമിക്കാൻ പാടില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതം എന്ന്‌ പറയാനാണല്ലോ പ്രവാചകനോട്‌ അല്ലാഹു പറഞ്ഞിട്ടുള്ളത്‌.