കാസർകോട് : തളങ്കരയുടെ ഉരുനിർമാണവിരുത് ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിയാണ് കഴിഞ്ഞദിവസം അന്തരിച്ച അബ്ദുൾ ഹക്കിം. ഒൻ‍പത് തലമുറയുടെ പാരമ്പര്യമുള്ള തൊഴിലാണ് ഹക്കീമിന് ഉരുനിർമാണം. പിതാവ് പരേതനായ തളങ്കര അബ്ദുള്ളക്കുഞ്ഞിയുടെ പാത പിന്തുടർന്നാണ് അദ്ദേഹം ഉരുനിർമാണത്തിലേക്ക് തിരിഞ്ഞത്. പാരമ്പര്യ കരവിരുതിനൊപ്പം അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ്ങിൽ നേടിയ ബിരുദമാണ് അബ്ദുൾ ഹക്കീമിന് അറിയപ്പെടുന്ന ഉരുനിർമാതാവ് എന്ന പേര് നൽകിയത്.

1990-ൽ തളങ്കരയിൽനിന്ന് കണ്ണൂരിലെ അഴീക്കോട്ട് എത്തിയ ഹക്കിം ഇവിടെ സ്ഥാപിച്ച സുൽക്ക ഷിപ്പ്‌യാർഡിലാണ് ഉരു, യാത്രാബോട്ടുകൾ നിർമിച്ചിരുന്നത്. കൂടുതലായും തേക്കിലും ആഞ്ഞിലിയിലുമാണ് നിർമാണം. കഴിഞ്ഞ 31 വർഷത്തിനിടെ യാത്രാബോട്ടുകളും ചരക്ക് ഉരുക്കളുമായി 25 എണ്ണം നിർമിച്ചയച്ചു. 160 അടി നീളത്തിലും 30 അടി വീതിയിലുമുള്ള ഏറ്റവും വലിയ ചരക്ക് ഉരുവിന്റെ നിർമാണമായിരുന്നു ആദ്യം. പൂർണമായും തേക്കിൽ നിർമിച്ച ഉരു ഗൾഫിലേക്കാണ് കൊണ്ടുപോയത്. മരം, ഫൈബർ, ഉരുക്ക്‌ എന്നിവ കൊണ്ട് ഉരു നിർമിക്കാനുള്ള ലൈസൻസുണ്ടെങ്കിലും നിലമ്പൂർ തേക്കാണ് ഉരുനിർമാണത്തിന് ഉപയോഗിച്ചിരുന്നത്.

രണ്ടുപതിറ്റാണ്ട് മുമ്പുവരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ലക്ഷദ്വീപിനും വേണ്ട യാത്രാബോട്ടുകളുടെ നിർമാണവും ഹക്കിം നടത്തിയിട്ടുണ്ട്. മകൻ സുഹൈൽ അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.