ഇ.ടി. പ്രകാശ്

ഷാർജ

: കാസർകോടിന്റെ കടലോര ചരിത്രത്തിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പത്തേമാരി (ഉരു) വ്യവസായത്തിലെ അവസാന കണ്ണിയാണ് വിടപറഞ്ഞ തളങ്കര അബ്ദുൽ ഹക്കീം. തളങ്കര കുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഉരു വ്യവസായത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. ഈ കുടുംബത്തിൽനിന്നു ഉരു നിർമാണത്തിലേക്ക് ഇനിയാരും കടന്നുവരാൻ സാധ്യതയില്ലെന്നാണ് തളങ്കര കുടുംബാംഗവും കെ.എം.സി.സി. യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ നിസാർ തളങ്കര പറയുന്നത്. 25 വർഷമായി കണ്ണൂർ അഴീക്കലിൽനിന്നുമാണ് അബ്ദുൽഹക്കീം ഉരു നിർമിക്കുന്നത്. കാസർകോടും കണ്ണൂരുമുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് അബ്ദുൽ ഹക്കീമിന്റെ ഉരു വ്യവസായത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ചത്. ഒരുകാലത്ത് ഗൾഫ്‌ രാജ്യങ്ങളായിരുന്നു ഏറ്റവും കൂടുതൽ ഉരു ആവശ്യക്കാരായി ഉണ്ടായിരുന്നത്. പിന്നീട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും അബ്ദുൽ ഹക്കീം നിർമിച്ച ഉരുക്കൾക്ക് ആവശ്യക്കാർ വർധിച്ചു. രണ്ടുപതിറ്റാണ്ടോളം നിർമാണം പാടേ നിലച്ചുപോയ അഴീക്കലിൽ അബ്ദുൽ ഹക്കീമിന്റെ ഉടമസ്ഥതയിൽ സുൽക്ക ഷിപ്പിയാർഡ് പ്രവർത്തനം തുടങ്ങുകയായിരുന്നു.

ഒരേസമയം രണ്ടും മൂന്നും ഉരുക്കൾ നിർമിച്ച കാലമുണ്ടായിരുന്നു. എസ്-ഒന്ന് , രണ്ട്, മൂന്ന് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട കൂറ്റൻ ഉരുക്കൾ ഇന്ത്യയിൽത്തന്നെ നിർമിച്ച വലുപ്പമേറിയതായിരുന്നു. 1000 ടൺ വരെ ഭാരമുള്ള ഉരുക്കൾ 15 നോട്ടിക്കൽവരെ ദൂരം സഞ്ചരിച്ചതും ഹക്കീമിന്റെ വൈദഗ്ധ്യത്തെ ഓർമിപ്പിക്കുന്നു. ഗൾഫിൽനിന്ന് പ്രത്യേക കപ്പൽ അഴീക്കലിലെത്തിയാണ് ഉരുക്കൾ കൊണ്ടുപോയത്. വളപട്ടണത്തെ മാപ്പിള ഖലാസികളും ഹക്കീമിനെ ഉരു വ്യവസായത്തിൽ സഹായിച്ചു. ഉരുക്കളുടെ എൻജിൻ ആദ്യകാലത്ത് ഗൾഫിൽനിന്നായിരുന്നു ഘടിപ്പിച്ചിരുന്നത്. പിന്നീട് അഴീക്കലിൽ നിന്നുതന്നെ എൻജിൻ ഘടിപ്പിക്കുന്ന ജോലിയും ഏറ്റെടുത്തു. നാവിഗേറ്റർ, സാറ്റലൈറ്റ്, റഡാർ തുടങ്ങിയവയും ഉരുക്കളിൽ സ്ഥാപിച്ചു. അമേരിക്കയിലെ സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്ട്‌ ആൻഡ് മറൈൻ എൻജിനിയറിങ് അംഗം കൂടിയാണ് അബ്ദുൽ ഹക്കീം.

നിലമ്പൂരിൽ നിന്നുള്ള തേക്കുകൾ കൊണ്ടാണ് ഹക്കീം ഉരുക്കളുണ്ടാക്കിയത്. നൂറുവർഷത്തോളം നിലനിൽക്കുന്ന നിർമാണ വൈദഗ്ധ്യത്തെയാണ് ഹക്കീം വിദേശത്തെ കടലുകളിലും തെളിയിച്ചത്. പുതിയകാലത്ത് ഉല്ലാസ നൗകകളായാണ് അബ്ദുൽ ഹക്കീം ഉരുക്കൾ നിർമിച്ച് ഗൾഫിലേക്കും ആഫ്രിക്കയിലേക്കും കയറ്റിയയച്ചതെന്നും ശ്രദ്ധേയമാണ്. അബ്ദുൽ ഹക്കീമിന്റെ വേർപാടോടെ 10 തലമുറകളായി തളങ്കര കുടുംബം നിർമിച്ച ഉരുപ്രതാപംകൂടിയാണ് അസ്തമിച്ചത്.