അബുദാബി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജൻ വിതരണത്തിൽ കൈകോർത്ത് അബുദാബി ക്ഷേത്രനിർമാണ ചുമതലയുള്ള പ്രസ്ഥാനമായ ബാപ്‌സും. പ്രതിമാസം 440 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ലഭ്യമാക്കിക്കൊണ്ടാണ് ബാപ്‌സ് ഈ പ്രവർത്തനത്തിൽ പങ്കാളിയാവുക. സർക്കാർ സംവിധാനങ്ങളിലൂടെയും ബാപ്‌സിന് കീഴിലെ കോവിഡ് ആശുപത്രികൾ മുഖേനയുമാണ് ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുക. 44 മെട്രിക് ടൺ ദ്രാവക ഓക്സിജൻ, 600 സിലിൻഡറുകളിലായി 30,000 ലിറ്റർ മെഡിക്കൽ ഓക്സിജൻ, 130 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എന്നിവയുൾക്കൊള്ളുന്ന ആദ്യലോഡ് ഈയാഴ്ച അയയ്ക്കും. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ വായു, കടൽ മാർഗമാണ് ഇതെത്തിക്കുക. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായസഹകരണവുമായി മുന്നോട്ടുവന്ന യു.എ.ഇ.ക്ക് ബാപ്‌സ് നന്ദിയറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പുമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം കോവിഡിനെതിരേയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തേകുന്നതാണെന്നും ബാപ്‌സ് വ്യക്തമാക്കി.