അബുദാബി : ഇക്കോ ടൂറിസംരംഗത്ത് പുതിയസാധ്യതകൾ തുറന്നിടുന്നതിന്റെ ഭാഗമായി സംരക്ഷിത സമുദ്രമേഖലകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നു.

അബുദാബിയിലെ തീരദേശ ആവാസവ്യവസ്ഥകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും നഗരത്തിരക്കിൽനിന്ന് പ്രകൃതിയുടെ ശാന്തതയിൽ ചെലവഴിക്കാനുമെല്ലാം ഇതവസരം നൽകുന്നു.

വിനോദസഞ്ചാര സാംസ്കാരിക വകുപ്പും അബുദാബി പരിസ്ഥിതി ഏജൻസിയും അബുദാബി മാരിടൈം ആൻഡ് ഷിപ്പ് ബിൽഡിങും ചേർന്ന് സംഘടിപ്പിക്കുന്ന മൊണോക്കോ യാച്ച് ഷോയിലാണ് ഇക്കോ ടൂറിസ സാധ്യതകൾ വിശദീകരിച്ചത്. അബുദാബിയുടെ പ്രകൃതിയും തീരദേശത്തെ പ്രത്യേകതകളുമെല്ലാം അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ തുറന്നിടുകയെന്ന് വിനോദസഞ്ചാര വകുപ്പ് മാർക്കറ്റിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ പറഞ്ഞു.

യുനെസ്‌കോ പട്ടികയിലിടം നേടിയ മർവ ബയോസ്‌പിയർ അടക്കം ആറ് സമുദ്രമേഖലകൾ അബുദാബി പ്രത്യേകമായി പരിരക്ഷിച്ചുവരുന്നു.

പ്രതികൂല കാലാവസ്ഥമൂലം ജലജീവിവർഗങ്ങൾക്ക് ആവാസവ്യവസ്ഥ നഷ്ടമാകുകയും അവയുടെ വംശനാശത്തിനുപോലും വെല്ലുവിളികളുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക പരിരക്ഷ നൽകാനുള്ള പദ്ധതിയാരംഭിച്ചതെന്ന് വകുപ്പ് ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷിമി പറഞ്ഞു.