ദുബായ് : യു.എ.ഇ.യിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസികൂട്ടായ്മ പ്രവർത്തക കൺവെൻഷൻ നടന്നു. മുഖ്യരക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവുമായ ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഓണാഘോഷം ' അനന്തം... പൊന്നോണം 2021 എന്ന പേരിൽ നവംബർ അഞ്ചിന് ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മീഡിയ കൺവീനർ എം. റിയാസ് അറിയിച്ചു. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരിക്കും. കോവിഡ് മഹാമാരിക്കാലത്ത് സേവനം നടത്തിയവരെയും കഴിഞ്ഞ പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ അനന്തപുരി അംഗങ്ങളുടെ മക്കളെയും ആദരിക്കും.

പ്രസിഡന്റ് കെ.സി. ചന്ദ്രബാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കബീർ ചാന്നാൻകര മുഖ്യപ്രഭാഷണം നടത്തി. രഞ്ജി കെ. ചെറിയാൻ, ഖാൻ പാറയിൽ, ബിജോയ്ദാസ്, മുഹിനുദ്ദീൻ, സർഗ റോയ്, അഡ്വ. സ്മിനു സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.