ഷാർജ : എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 33 പുതിയ സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്കുകൂടി ഷാർജ മുനിസിപ്പാലിറ്റി ലൈസൻസ് നൽകി. ഇവിടെ ദിവസേനയോ ആഴ്ച അടിസ്ഥാനത്തിലോ പ്രതിമാസ വാർഷിക അടിസ്ഥാനത്തിലോ പാർക്കിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഈ വർഷം 155 സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്കുള്ള ലൈസൻസ് അനുവദിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി ഉപഭോക്തൃസേവന അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ഫലാഹ് അൽ സുവൈദി പറഞ്ഞു. അതേസമയം പാർക്കിങ്ങിന് അനധികൃതമായി ഉപയോഗിച്ചിരുന്ന ഒട്ടേറെ മണൽ പ്രദേശങ്ങൾ അധികൃതർ അടപ്പിച്ചു.
വാഹനമോടിക്കുന്നവർക്കായി പതിവു പാർക്കിങ് സ്ഥലങ്ങൾ നൽകാനും നഗരസൗന്ദര്യം നിലനിർത്താനുമായാണ് മുനിസിപ്പാലിറ്റിയുടെ ശ്രമം. ഷാർജയിൽ മുനിസിപ്പാലിറ്റി ലൈസൻസുള്ള 300 സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ നിലവിലുണ്ട്. പബ്ലിക് പാർക്കിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഏകദേശം 20,000 പാർക്കിങ് സ്ഥലങ്ങളുമുള്ളതായി അൽ സുവൈദി വ്യക്തമാക്കി. സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾക്ക് ഒരു നിശ്ചിത മാനദണ്ഡമനുസരിച്ച് മുനിസിപ്പാലിറ്റി ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസിൻ വിശദീകരിച്ചു. ലൈസൻസില്ലാത്ത പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
50 ശതമാനം ഗതാഗത പിഴയിളവ്
ഷാർജ : ദേശീയദിനത്തോടനുബന്ധിച്ച് ഷാർജയിൽ ഗതാഗത പിഴകൾക്ക് ഇളവ്. ഡിസംബർ രണ്ടുമുതൽ 49 ദിവസത്തേക്കാണ് 50 ശതമാനം ഇളവ് അനുവദിച്ചത്. അതി ഗുരുതരമല്ലാത്ത എല്ലാ നിയമലംഘനങ്ങൾക്കും ആനുകൂല്യമുണ്ടാകുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽസാറി പറഞ്ഞു.
വാഹനം കണ്ടുകെട്ടലും റദ്ദാക്കി. ദേശീയദിനത്തോടനുബന്ധിച്ച് അജ്മാൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലും ഗതാഗത പിഴയിളവ് അനുവദിച്ചിരുന്നു.