ദുബായ് : ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുതുമായ നീന്തൽകുളം ബുധനാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ദുബായ് നാദ് അൽ ഷെബയിൽ നിർമിച്ചിരിക്കുന്ന 60.02 മീറ്റർ ആഴമുള്ള 'ഡീപ് ഡൈവ്' നീന്തൽകുളമാണ് തുറന്നുകൊടുക്കുന്നത്. 14 ദശലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാനാവുന്ന നീന്തൽകുളത്തിന് ആറോളം ഒളിമ്പിക് സൈസ് പൂളുകളുടെ വലുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽകുളമെന്ന ഗിന്നസ് റെക്കോഡ് നിലവിൽ ഈ പൂളിനാണ്. 1500 ചതുരശ്ര മീറ്ററാണ് വിസ്തീർണം. എല്ലാ ഡൈവിങ് ഉപകരണങ്ങളും ഉൾപ്പെടെ ഒരാൾക്ക് 400 ദിർഹമാണ് നിരക്ക്. സ്‌കൂബ ഡൈവിങ്, സ്‌നേർക്കെലിങ് തുടങ്ങി വെള്ളത്തിനടിയിലെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ മികച്ച അനുഭവം ലഭിക്കും.

ഓൺലൈൻ ബുക്കിങ് വഴി മാത്രമാണ് പ്രവേശനം: deepdivedubai.com. ബുധൻ മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനസമയം. പാർക്കിങ് സൗജന്യമാണ്. ഡൗൺടൗൺ ദുബായിൽനിന്ന് 15 മിനിറ്റ് ഡ്രൈവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 20 മിനിറ്റ് ഡ്രൈവും മാത്രമാണ് ഇവിടേക്കുള്ളത്. സ്‌കൂബ ഡൈവിങ്, സ്‌നോർക്കലിങ് എന്നിവയ്ക്ക് ഡൈവിങ് സർട്ടിഫിക്കേഷൻ ആവശ്യമില്ല. ഡീപ് ഡൈവ് ദുബായ് എല്ലാ പ്രായക്കാരെയും ആവേശഭരിതമാക്കുമെന്ന് ദുബായ് ഡയറക്ടർ ജാറോഡ് ജാബ്ലോൻസ്‌കി പറഞ്ഞു. 10 വയസ്സും അതിൽ കൂടുതലുള്ളവർക്കുമായി പ്രത്യേക കോഴ്‌സുകളും ടൂറുകളും സജ്ജമാക്കിയിട്ടുണ്ട്. കോഴ്‌സുകൾ ഡിസ്‌കവർ, ഡൈവ്, ഡവലപ്പ്‌മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഫ്രീഡൈവിങ്, സ്‌കൂബ ഡൈവിങ് പരിശീലനത്തിനായി അന്താരാഷ്ട്ര ഡൈവിങ് പ്രൊഫഷണലുകളുടെ ഒരു സംഘം ഉണ്ടാകും. നൂതന ഹൈപ്പർബാറിക് ചേംബർ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്.