ദുബായ് : യു.എ.ഇ. മന്ത്രിസഭയിലേക്ക് രണ്ട് പുതിയ മന്ത്രിമാരെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ ഷംസി, ഖലീഫാ സഈദ് സുലൈമാൻ എന്നിവരാണ് പുതിയ മന്ത്രിമാരായി ചുമതലയേറ്റെടുത്തത്. സുപ്രീം പെട്രോളിയം കൗൺസിലിന്റെ മുൻ സെക്രട്ടറി ജനറലാണ് സഹമന്ത്രി സ്ഥാനമേറ്റെടുത്ത ഹമദ് മുബാറക് അൽ ഷംസി. ഖലീഫാ സഈദ് സുലൈമാന് വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഓഫ് സെറിമോണിയൽ ചുമതലയാണ് കാബിനറ്റ് റാങ്കോടെ നൽകിയിരിക്കുന്നത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പുതിയ മന്ത്രിമാരെ നിയമിച്ചതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ആലോചിച്ചശേഷമാണ് തീരുമാനം. യു.എ.ഇ. നേതാക്കൾ പുതിയ മന്ത്രിമാർക്ക് ആശംസകൾ നേർന്നു.