ഷാർജ : തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാല മാതൃകയിൽ ഭക്തിനിർഭരമായി പ്രവാസിസ്ത്രീകളും പൊങ്കാലയിട്ടു. താമസയിടങ്ങളിലാണ് പലരും പ്രതീകാത്മകമായി പൊങ്കാലസമർപ്പണം നടത്തിയത്.

ഷാർജയിലെ പല വീടുകളിലും സ്ത്രീകൾ വ്രതാനുഷ്ഠാനത്തോടെ ശനിയാഴ്ച പൊങ്കാലസമർപ്പണം നടത്തി. ആറ്റുകാൽ പൊങ്കാലയുടെ മുഹൂർത്തത്തിൽതന്നെ, അതേ ചടങ്ങുകളോടെ പ്രവാസിവീടുകളും പൊങ്കാലയുടെ പരിശുദ്ധിയിലായി. വീടുകളുടെ ബാൽക്കണി, സ്വീകരണമുറി എന്നിവടങ്ങളിലെല്ലാമായിരുന്നു പൊങ്കാലക്കലം തിളച്ചുമറിഞ്ഞത്.

അടുപ്പുകൂട്ടുന്നതിൽ നിയന്ത്രണമുള്ളതിനാൽ ഗ്യാസ് ഉപയോഗിച്ചായിരുന്നു മൺകലത്തിൽ പൊങ്കാലയിട്ടത്. തൂശനിലയിൽ അവിൽ, മലർ, പഴം, ശർക്കര, പൂവ്, നിറനാഴി, കിണ്ടിവെള്ളം എന്നിവയും ചന്ദനത്തിരിയുടെ സുഗന്ധത്തിൽ വിളക്കുതിരിയെ സാക്ഷിയാക്കി പൊങ്കാലയ്ക്ക് മുന്നോടിയായി ഗണപതിയ്ക്ക് സമർപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രതീകവും ശരീരവുമായ മൺകലത്തിൽ അരി മനസ്സായും ശർക്കര ആനന്ദമായും ആത്മനിർവൃതിയുടെ പായസം തിളച്ചുമറിഞ്ഞെന്ന സങ്കല്പം സൃഷ്ടിക്കാൻ സാധിച്ചെന്ന് ഷാർജയിൽ പൊങ്കാലയിട്ട സ്ത്രീകൾ പറഞ്ഞു. നിവേദ്യത്തോടൊപ്പം ശർക്കരപ്പായസവും ചോറും പാൽപായസവുമെല്ലാം ഉണ്ടാക്കി സുഹൃത്തുക്കളുടെ വീടുകളിലും എത്തിച്ചിരുന്നു.