ദുബായ് : യു.എ.ഇ.യിലുടനീളം പ്രായമായവർക്ക് കോവിഡ് പ്രതിരോധകുത്തിവെപ്പ് നൽകുന്ന കാമ്പയിൻ തുടരുന്നു. കമ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയം, ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് രാജ്യത്തുടനീളമുള്ള മുതിർന്നവർക്ക് കുത്തിവെപ്പ് നൽകുന്നത്.

ദുബായ്, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് പ്രചാരണം ശക്തമായി നടക്കുന്നത്. സീനിയർ സിറ്റിസൺസ് വാക്‌സിനേഷൻ കാമ്പയിൻ ജനുവരി 10 മുതലാണ് ആരംഭിച്ചത്. പ്രായമായവർക്ക് അവരുടെ വീടുകളിലെത്തി വാക്‌സിൻ നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

രാജ്യത്ത് എല്ലാവരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് നിർദേശം. കുത്തിവെപ്പ് സ്വീകരിച്ചശേഷവും പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി ജനങ്ങളെ ഓർമപ്പെടുത്തി.

കുത്തിവെപ്പെടുത്തശേഷവും മുഖാവരണത്തിന്റെ ഉപയോഗം, കൈകളുടെ ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാനിർദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

പൊതുസമൂഹത്തിന്റെയും ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക് രോഗബാധയേൽക്കുന്നതിനും രോഗവ്യാപനം ഉണ്ടാകുന്നതിനുമുള്ള സാധ്യത കുറവാണ്. രോഗബാധമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ തടയുന്നതിനും വാക്‌സിൻ സഹായകമാണെന്ന് അൽ ഹൊസാനി വ്യക്തമാക്കി.

 വാക്‌സിൻ കാമ്പയിനിൽനിന്ന്