റാസൽഖൈമ : വൈറസിനെ നശിപ്പിക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി കൃത്രിമമായി നിർമിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ച് റാക്ക് ആശുപത്രി. കോവിഡ് രോഗം ഗുരുതരമായവർക്കായാണ് പ്രത്യേക ചികിത്സാസൗകര്യമൊരുക്കിയിരിക്കുന്നത്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് കമ്പനി എലി ലില്ലി ഉത്പാദിപ്പിച്ച ബാംലനിവിമാബ് എന്ന വാക്സിൻ ഉപയോഗിച്ചാണ് ചികിത്സാസംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പ്രതിരോധശേഷി വീണ്ടെടുക്കുകയും രോഗിയുടെ ഗുരുതരാവസ്ഥ ഇല്ലാതാകുകയും ചെയ്യും. നിലവിൽ അസുഖബാധിതരായ 60 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് പരീക്ഷിക്കുകയെന്ന് റാക്ക് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഏറെ ചെലവേറിയതാണ് ഈ ചികിത്സാരീതി.

മൂന്ന് ഷോപ്പുകൾ അടപ്പിച്ചു

ദുബായ് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് ഷോപ്പുകൾ കൂടി ദുബായിൽ അടപ്പിച്ചു. ദുബായ് മുനിസിപ്പാലിറ്റി നടത്തിയ 167 പരിശോധനകളിലാണ് ഷോപ്പുകൾക്കെതിരേ നടപടി സ്വീകരിച്ചത്. അതേസമയം 92 ശതമാനം സ്ഥാപനങ്ങളും കോവിഡ് നിയമങ്ങൾ പാലിക്കുന്നതായും കണ്ടെത്തി.