ദുബായ് : വിദേശയാത്ര നടത്തുന്നതിന് മുൻപ് എല്ലാവരും കോവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണമെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വേനൽക്കാലത്ത് ധാരാളംപേർ വിദേശയാത്ര നടത്താറുണ്ട്. വാക്സിൻ രണ്ട് ഡോസും സ്വീകരിക്കാതെ യു.എ.ഇ. നിവാസികൾ യാത്ര ചെയ്യരുതെന്നും അവർ നിർദേശിച്ചു.

കോവിഡിനെതിരായ പോരാട്ടം അതിശക്തമായാണ് യു.എ.ഇ. നടപ്പാക്കുന്നത്. യാത്ര ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ പൗരൻമാരും താമസക്കാരും അവരുടെ സുരക്ഷയ്ക്കായി പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം. അബുദാബിയിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദേശയാത്ര നടത്തുന്നവർ ലക്ഷ്യസ്ഥാനം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ ആളുകൾ സ്വയം രക്ഷനേടുക മാത്രമല്ല, കുടുംബാംഗങ്ങളുടെ ആരോഗ്യംകൂടിയാണ് സുരക്ഷിതമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇ. 82161 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായും അവർ വ്യക്തമാക്കി.