അബുദാബി : റംസാൻ മാസം കൂടുതൽ രാജ്യങ്ങളിലേക്ക് സഹായം ലഭ്യമാക്കി യു.എ.ഇ. കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങൾക്ക് ഭക്ഷ്യ ഉത്പന്നങ്ങളും മരുന്നുകളും അടങ്ങുന്ന കണ്ടെയ്‌നറുകൾ യു.എ.ഇയുടെ വിവിധ തുറമുഖങ്ങളിൽനിന്നും വിമാനത്താവളങ്ങളിൽനിന്നും പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സുഡാനിലേക്ക് 50 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ കയറ്റിയയച്ചു.

കോവിഡ് വെല്ലുവിളി രൂക്ഷമായ സമയങ്ങളിലും യു.എ.ഇ. സുഡാന് സഹായം ലഭ്യമാക്കിയിരുന്നു. കൊമോറോയിലേക്ക് 43 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ യു.എ.ഇ. അയച്ചു. കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളുടെ പട്ടിണിമാറ്റാൻ ഇതിലൂടെ കഴിയുമെന്ന് കൊമോറോ യു.എ.ഇ. സ്ഥാനപതി സായിദ് അൽ മഖ്ബാലി പറഞ്ഞു.

മൗറീഷ്യാനയിലേക്ക് 49 മെട്രിക് ടൺ ഭക്ഷ്യഉത്പന്നങ്ങളാണ് യു.എ.ഇ. അയച്ചത്. മരുന്നുകളും കോവിഡ് രക്ഷാ ഉപാധികളുമടങ്ങുന്ന 33.2 മെട്രിക് ടൺ വസ്തുക്കൾ ഇതിനകം യു.എ.ഇ. മൗറീഷ്യാനയ്ക്ക് നൽകിയിരുന്നു.