ദുബായ് : യു.എ.ഇയുടെ രണ്ടാം ബഹിരാകാശദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അൽ മുല്ല, നോറ അൽ മത്‌റൂശി എന്നിവർ പരിശീലനം തുടങ്ങി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് പരിശീലനം.

ഏഴുമാസമാണ് ആദ്യഘട്ടപരിശീലനം. ദിവസം ഏഴുമണിക്കൂർവരെയാണ് പരിശീലനമെന്ന് സ്പേസ് സെന്ററിലെ ബഹിരാകാശയാത്രികരുടെ കാര്യാലയമേധാവി സഈദ് കർമസ്തജി അറിയിച്ചു. നാസയിൽ നടക്കുന്ന അന്തിമ പരിശീലനത്തിന്റെ പ്രാഥമികഘട്ടം മാത്രമാണിത്. സഹ സഞ്ചാരികളുമായി സുഗമമായ ആശയവിനിമയം സാധ്യമാക്കുന്നതിനായി റഷ്യൻ ഭാഷയും അഭ്യസിക്കുന്നുണ്ട്. കൂടാതെ ശാരീരികവും മാനസികവുമായ കരുത്ത് നേടാൻ വിവിധ ശിൽപ്പശാലകളുമുണ്ടാകും. ആദ്യ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നയാദി എന്നിവരുടെ മേൽനോട്ടത്തിലാണ് ചില പരിശീലനങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സാങ്കേതിക രംഗത്തുള്ള പരിശീലനം എവിടെവെച്ചാണെന്ന് തീരുമാനിക്കും. യു.എ.ഇയിലെ പരിശീലനത്തിനുശേഷം നാസയുടെ കീഴിൽ ഒരു വർഷത്തെ പരിശീലനം ഉണ്ടാകും.

പ്രഥമ അറബ് വനിതയടക്കം പുതിയ രണ്ട് ബഹിരാകാശയാത്രികരെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്. 4305 അപേക്ഷകരിൽനിന്ന് നിരവധി ഘട്ടങ്ങളിലൂടെയാണ് രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടിക തയ്യാറാക്കൽ കഠിനമായിരുന്നുവെന്ന് സഈദ് കർമസ്തജി പറഞ്ഞു. അവസാനപട്ടികയിലെത്തിയ 122 പേരിൽ നിന്നാണ് മുഹമ്മദും നോറയും അന്തിമ പട്ടികയിലെത്തിയത്. 2019 സെപ്റ്റംബർ 25-ന് മേജർ ഹസ്സ അൽ മൻസൂരിയാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായത്.

ഹസ്സയ്ക്ക് പറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പകരം ദൗത്യം നിറവേറ്റാൻ തുല്യപരിശീലനം നൽകി പ്രഖ്യാപിച്ചയാളായിരുന്നു ഡോ.സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19-മത് രാജ്യമാണ് യു.എ.ഇ.