ഷാർജ : ‘പുതിയ പുസ്തകങ്ങൾ വാങ്ങാൻ നിർബന്ധിക്കരുത്, പഠിച്ചുകഴിഞ്ഞവർ കൈമാറിയ പുസ്തകങ്ങളുണ്ട്'. ജോലിയും കൂലിയുമില്ലാതെ നട്ടംതിരിയുന്ന യു.എ.ഇ.യിലെ പ്രവാസികളായ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതരോടുള്ള പ്രധാന ആവശ്യമാണിത്. കോവിഡ് രൂക്ഷമായ ഈ വർഷമാണ് നൂറുകണക്കിന് സാധാരണക്കാരായ രക്ഷിതാക്കൾ കൂടുതലും ഈ ആവശ്യം ഉന്നയിക്കുന്നത്. മുൻ വർഷങ്ങളിൽ പഠിച്ച കുട്ടികളുടെ പുസ്തകങ്ങളാണ് അതേ ക്ലാസിൽ പഠിക്കാനിരിക്കുന്ന കുട്ടികൾക്ക് കൈമാറുന്നത്.

എന്നാൽ കുട്ടികൾ നിർബന്ധമായും സ്കൂളുകളിൽ നിന്ന് പുതിയ പുസ്തകങ്ങൾതന്നെ വാങ്ങണമെന്ന് സ്കൂൾ അധികൃതരും നിർബന്ധം പുലർത്തുന്നു. ആ സാഹചര്യത്തിൽ പഴയപുസ്തകങ്ങൾ ലഭിച്ചാലും കുട്ടികൾ പുതിയപുസ്തകങ്ങളും വാങ്ങാൻ നിർബന്ധിതരാവുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഐ.ടി., റീഡിങ്, ആക്റ്റിവിറ്റി ഇത്തരത്തിൽ നിരവധി മറ്റ് ഫീസുകളും കൊടുക്കേണ്ടിവരുന്ന കുട്ടികൾക്ക് പാഠ പുസ്തകങ്ങളുണ്ടായിട്ടും പുതിയ പുസ്തകങ്ങളുടെ പേരിൽ അധിക ചാർജ് നൽകേണ്ടിവരികയാണ്. എന്നാൽ സ്കൂൾ അധികൃതർ പറയുന്നത്, ക്ലാസ് തുടങ്ങുന്നതിനുമുന്നേതന്നെ രക്ഷിതാക്കളിൽനിന്ന് ഓർഡർ സ്വീകരിച്ചാണ് പുസ്തകങ്ങൾ ഇന്ത്യയിൽനിന്ന് കൊണ്ടുവരുന്നത് എന്നാണ്.

മുൻകൂട്ടി ഓർഡർ നൽകി കൊണ്ടുവന്ന പുസ്തകങ്ങൾ മടക്കിയയ്ക്കാൻ നിർവാഹമില്ലെന്നാണ് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പറയുന്നത്. ആവശ്യങ്ങൾ അനുസരിച്ച് മാത്രമാണ് പുതിയ പുസ്തകങ്ങൾക്ക് ഓർഡർ നൽകുന്നതെന്നാണ് ഷാർജ എമിറേറ്റ്‌സ് നാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എബ്രഹാം മാത്യു പറഞ്ഞത്. ഇന്ത്യയിലുള്ള വൻകിട കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന പാഠപുസ്തകങ്ങളുടെ പ്രധാന വിപണികൾ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളാണെന്നതിനാൽ പരമാവധി പുസ്തകങ്ങൾ ചെലവഴിക്കാനും കമ്പനികൾ ശ്രമിക്കും. അതിനായി പഴയ പുസ്തകങ്ങൾ കുട്ടികൾ ഉപയോഗിക്കാതിരിക്കാനായി പുതിയ അധ്യയന വർഷങ്ങളിൽ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുകയാണ് പതിവ്. കെ.ജി. മുതൽ എട്ടാംക്ലാസ് വരെയുള്ള പുസ്തകങ്ങളിലാണ് ഇത്തരത്തിൽ വ്യാപക മാറ്റം വരുത്തുക. സിലബസ് മാറ്റമില്ലാതെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുകയാണ് രീതി. ചില പുസ്തകങ്ങൾ ഒഴിവാക്കി ആവശ്യമുള്ളവ മാത്രം വാങ്ങാനും രക്ഷിതാക്കൾക്ക് അനുവാദമില്ല, പുസ്തകങ്ങൾ 'സെറ്റ്' ആയാണ് വരുന്നതെന്നും ബാക്കിവരുന്നവ തിരിച്ചുനൽകിയാൽ നഷ്ടം സ്കൂളുകൾ വഹിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ പക്ഷം.

കോവിഡ് കാരണം കുടുംബ ബജറ്റുപോലും താളംതെറ്റുമ്പോൾ കുട്ടികളുടെ സ്കൂൾ ചെലവെങ്കിലും കുറഞ്ഞുകിട്ടുമല്ലോ എന്നോർത്താണ് പഴയ പുസ്തകങ്ങൾ സംഘടിപ്പിക്കുന്നത്.

എങ്കിലും കാര്യമില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഷാർജയിൽ തന്നെ നിരവധി സ്ഥാപനങ്ങളും സംഘടനകളും വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റം സംഘടിപ്പിക്കുന്നുണ്ട്. അതിനാൽ പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിക്കുമ്പോഴാണ് സ്കൂൾ അധികൃതർ പുതിയ പുസ്തകങ്ങൾ വാങ്ങാനും നിർബന്ധമാക്കുന്നത്.

ഏപ്രിൽ 11 - ന് യു.എ.ഇ.യിൽ പുതിയ അധ്യയനം തുടങ്ങുന്നതിനുമുന്നേ രക്ഷിതാക്കൾ പലരും മക്കൾക്ക് പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ചുനൽകിയെങ്കിലും ഫലമുണ്ടായില്ല. ഫോട്ടോകോപ്പി ബൈൻഡ് ചെയ്ത പുസ്തകങ്ങളും പല സ്കൂളുകളിലും സ്വീകാര്യമല്ല.