അബുദാബി : കാലാവസ്ഥാ വ്യതിയാനംമൂലം ഭക്ഷ്യഉത്പാദന മേഖലയിലുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ നൂതന പദ്ധതിയുമായി യു.എ.ഇ. സ്മാർട്ട് സാങ്കേതികതയിൽ കാർഷികമേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കംകുറിക്കുകയാണ് എമിറേറ്റ്‌സ് ഫുഡ് സെക്യൂരിറ്റി കൗൺസിൽ.

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന കാലാവസ്ഥാ സമ്മേളനത്തിന് പിന്നാലെയാണ് യു.എ. ഇ.യുടെ പ്രഖ്യാപനം. കാർഷിക രംഗത്തെ നൂതനകാഴ്ചപ്പാടുകൾ സമന്വയിപ്പിച്ച് ഉത്പാദനരംഗം ശക്തിപ്പെടുത്തുക, ഹൈഡ്രോപോണിക് കൃഷിരീതികൾക്ക് പ്രചാരം നൽകുകവഴി ഏത് സാഹചര്യത്തിലും വിളകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കുക, കൂടുതൽ നിക്ഷേപം ഈ രംഗങ്ങളിലേക്ക് കൊണ്ടുവരികവഴി സാധ്യതകൾ ഉയർത്തുക, വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്.

‘ക്ലൈമറ്റ് ചെയ്ഞ്ച് ഇംപാക്റ്റ് സിസ്റ്റം’ ഭക്ഷ്യസുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നും സുസ്ഥിര ഉത്പാദന മേഖലയിലെ നിക്ഷേപങ്ങൾക്ക് കരുത്തേകുമെന്നും യു.എ.ഇ. വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രിയും കാലാവസ്ഥാ വ്യതിയാനരംഗത്തെ യു.എ.ഇ. പ്രതിനിധിയുമായ ഡോ. സുൽത്താൻ അൽജാബർ അഭിപ്രായപ്പെട്ടു. രാജ്യാതിർത്തികൾക്ക് അതീതമായി സുസ്ഥിര വികസനത്തിന് ഈ സിസ്റ്റം അനിവാര്യമാണ്. അന്തരീക്ഷ ഊഷ്മാവ് പ്രതിവർഷം ഉയരുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ ഊഷ്മാവിൽ ഇപ്പോഴുള്ളതിനേക്കാൾ അഞ്ച് ഡിഗ്രി സൽഷ്യസ് കൂടുമെന്നാണ് കണക്കാക്കുന്നത്.

കാർഷിക മേഖലയെ ഈ ഊഷ്മാവ് ഉയർച്ച എങ്ങനെയെല്ലാം ബാധിക്കും, അവയ്ക്ക് ശാസ്ത്രീയ പ്രതിവിധി എങ്ങനെ കണ്ടെത്താം എന്നതാണ് സിസ്റ്റം ചർച്ചചെയ്യുന്നത്. ഗ്രീൻഹൗസുകളിലെ ഉത്പാദനം ത്വരപ്പെടുത്തുകയെല്ലാം ശ്രമങ്ങളാണ്. നമുക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാത്തവിധം ഭൂമിക്ക് ചൂടുപിടിക്കുന്നതിന് മുമ്പ് കൂട്ടായ ശ്രമങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണെന്ന് എമിറേറ്റ്‌സ് ഫുഡ് സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷ മറിയം അൽമെഹൈരി പറഞ്ഞു.