റാസൽഖൈമ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസൽഖൈമയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. നിയന്ത്രണങ്ങൾ ജൂൺ എട്ടുവരെ നീട്ടി. ഫെബ്രുവരി 10 മുതലാണ് ആദ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ ജൂൺ എട്ടുവരെ ദീർഘിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. പൊതുബീച്ചുകളിലും പാർക്കുകളിലും ആകെ ശേഷിയുടെ 70 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളിൽ 60 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാ തിയേറ്ററുകൾ, വിനോദ പരിപാടികൾ, ഫിറ്റ്‌നസ് സെന്ററുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

വിവാഹംപോലുള്ള ചടങ്ങുകളിൽ 10 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പൊതുയിടങ്ങളിൽ ആളുകൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കണം. റെസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകൾ തമ്മിൽ രണ്ട് മീറ്റർ അകലം വേണം. ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ നാലുപേരിൽ കൂടുതൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സർക്കാർ മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.