വിശപ്പകറ്റാൻ നമുക്ക് വിശക്കണം

പട്ടിണിയാണ്, വിശക്കുന്നു, ദാഹിക്കുന്നു എന്നെല്ലാം പറഞ്ഞുവരുന്നവരുടെ പ്രയാസങ്ങൾ നമുക്കനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കിൽ അതിന്റെ പ്രധാനകാരണം നമുക്കൊരിക്കലും വിശക്കാത്തതും ദാഹിക്കാത്തതുമാണ്. ജീവിതത്തിലെപ്പോഴെങ്കിലും വിശക്കാത്തവന് എങ്ങനെയാണ് വിശക്കുന്നവന്റെ പ്രയാസമറിയുക. പട്ടിണിയുടെ കാഠിന്യമറിയുക. അതിനാൽ നമുക്ക് വിശക്കണം, ദാഹിക്കണം. നമുക്ക് വിശക്കാനും ദാഹിക്കാനും പട്ടിണി കിടക്കാനുമിതാ ഒരു ആരാധന. അതാണ് റംസാനിലെ നോമ്പ്.

നരകത്തിൽ ശിക്ഷയേറ്റ് കഴിയുന്നവരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഖുർആനിൽ. നിങ്ങളെന്തുകൊണ്ടാണ് നരകത്തിലെത്തിപ്പെട്ടത്? നരകവാസികൾ പറയും: ‘‘ഞങ്ങൾ നമസ്കരിച്ചിരുന്നില്ല. പാവങ്ങൾക്ക് ആഹാരം നൽകിയിരുന്നില്ല.’’

ആരാധനയോടൊപ്പമാണ് അന്നദാനവും ഇസ്‌ലാം കാണുന്നത്. നമസ്കാരത്തെപ്പറ്റി പറയുന്ന ഒട്ടേറെ വചനങ്ങളിൽ ഖുർആനിൽ സക്കാത്തിനെക്കുറിച്ചും പറയുന്നുണ്ട്. പണക്കാരന്റെ സ്വത്തിൽ പാവപ്പെട്ടവർക്കുള്ള അവകാശമാണ് സക്കാത്ത് എന്ന നിർബന്ധദാനം. അത് പണക്കാരൻ പാവപ്പെട്ടവരോട് കാണിക്കുന്ന ഔദാര്യമല്ല. അതുകൊണ്ടാണ് സക്കാത്ത് നൽകാൻ വിസമ്മതിച്ചവരോട്‌ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദിഖ്‌ യുദ്ധം പ്രഖ്യാപിച്ചത്. മനുഷ്യസമൂഹത്തിൽ സാമ്പത്തികസ്ഥിതി നോക്കാതെ നിലനിൽക്കേണ്ട പരസ്പരബോധം വളർത്തുന്നതാണ് സക്കാത്ത് സംവിധാനം.

മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും പക്ഷികളോടും ഇതരജീവജാലങ്ങളോടും കരുണയോടെ പെരുമാറണമെന്നാണ് ഇസ്‌ലാമിന്റെ നിയമം. ദാഹിച്ചുവലഞ്ഞ പട്ടിക്ക് വെള്ളം നൽകിയ ഒരാൾ സ്വർഗാവകാശിയായെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട ഒരാൾ നരകാവകാശിയായിത്തീർന്നെന്നും നബി പറഞ്ഞതിന് വലിയ അർഥതലങ്ങളാണുള്ളത്. വിശന്നുകരയുന്ന ഒരു ഒട്ടകത്തെ കണ്ട നബി അതിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി ശാസിച്ചതും നമുക്ക് പാഠമാണ്.

ജീവജാലങ്ങളോട് മാത്രമല്ല പരിസ്ഥിതിയോടും വേണം നമുക്ക് കാരുണ്യം. വായുവും വെള്ളവും നമ്മുടെ ഭൂമിയും എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഖുർആൻ പറയുന്നുണ്ട്. അതിനാൽ ഈ പരിസ്ഥിതിയെ വിഷലിപ്തമാക്കാനോ സന്തുലിതാവസ്ഥ നശിപ്പിക്കാനോ പാടില്ലാത്തതാണ്. ഭൂമിയിലെ അദ്ഭുതകരമായ സംവിധാനത്തെക്കുറിച്ച്‌ ഖുർആൻ ആവർത്തിച്ചു പറയുന്നുണ്ട്. മഴയും അരുവികളും സമുദ്രവും ചെടികളും മരങ്ങളും കൃഷികളും പഴങ്ങളും പച്ചക്കറികളും ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളാണ്. മനുഷ്യജീവിതത്തിൽ അവയ്ക്കുള്ള സ്ഥാനമാണതിലൂടെ നാം മനസ്സിലാക്കേണ്ടത്.

ഭൂമിയിലെ ആവാസവ്യവസ്ഥ അത്യദ്ഭുതകരമാണ്. നിസ്സാരമായ കൊതുകിനെപ്പറ്റി ഖുർആൻ പറഞ്ഞു. എട്ടുകാലി, ഈച്ച, കുതിര, ആന, ഒട്ടകം, ആട്, പശു, കഴുത, കാക്ക, മത്സ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ഖുർആനിലുണ്ട്. ഉപമകളായും ഗുണപാഠങ്ങളായും ദൃഷ്ടാന്തങ്ങളായും ചരിത്രസംഭവങ്ങളിലെ വിഷയങ്ങളായും ഇവയെക്കുറിച്ച് പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്. വൈക്കം മുഹമ്മദ്‌ ബഷീർ പറഞ്ഞതുപോലെ ഇവരെല്ലാം ഭൂമിയുടെ അവകാശികളാണ്. അവയെയെല്ലാം നശിപ്പിക്കുമ്പോൾ ഭൂമിയിൽ മനുഷ്യജീവിതംതന്നെ അസാധ്യമായിത്തീരും മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം വ്യാപകമായിട്ടുണ്ടെന്ന ഖുർആനിന്റെ പ്രസ്താവന നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.