ദുബായ് : റംസാൻ റിലീഫിന്റെ ഭാഗമായുള്ള ഭക്ഷണക്കിറ്റ് വിതരണത്തിന് ദുബായ് കെ.എം.സി.സി. തുടക്കംകുറിച്ചു. കോവിഡ് സാഹചര്യത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്കായി തുടങ്ങിയ കിറ്റ് വിതരണം മലപ്പുറം ജില്ലാ കെ.എം.സി.സി.യാണ് അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത്.

ജില്ലാതല വിതരണോദ്ഘാടനം യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, റാഷിദ് ബിൻ അസ്ലം എന്നിവർ ചേർന്ന് നിർവഹിച്ചു. മണ്ഡലം കമ്മിറ്റികൾ കണ്ടെത്തിയ അർഹതപ്പെട്ടവർക്കായി 100 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വരുംദിനങ്ങളിൽ കൂടുതൽ കിറ്റുകൾ വിതരണംചെയ്യും. ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ചു.

കെ.പി.എ. സലാം, ജലീൽ കൊണ്ടോട്ടി, ഒ.ടി. സലാം, കരീം കാലടി, മുജീബ് കോട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ചു. പി.വി. നാസർ സ്വാഗതവും സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.