ദുബായ് : എല്ലാ എക്സ്‌പോ 2020 പ്രതിനിധികൾക്കും കോവിഡ് വാക്സിൻ നൽകുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ശൈഖ് ഹംദാൻ അധ്യക്ഷനായ കൗൺസിൽ യോഗത്തിലാണ് നിർദേശം. എക്സ്‌പോ 2020 ദുബായിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ എല്ലാ ഔദ്യോഗിക പ്രതിനിധികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് സർക്കാർ അധികാരികൾക്ക് അദ്ദേഹം നിർദേശം നൽകി. കൂടാതെ എമിറേറ്റിലെ ഭക്ഷ്യസുരക്ഷാതന്ത്രത്തിനും അദ്ദേഹം അംഗീകാരം നൽകി. അടുത്ത ഒക്ടോബറിലാണ് ദുബായ് ലോകത്തെ സ്വാഗതം ചെയ്യാനൊരുങ്ങുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് അവിസ്മരണീയമായ അനുഭവമൊരുക്കുന്നത്.