അബുദാബി : വംശനാശഭീഷണി നേരിടുന്ന അപൂർവയിനം കുറുക്കനെ അൽഐനിൽ കണ്ടെത്തി. 22 വർഷങ്ങൾക്കിടയിൽ മൂന്നുതവണ മാത്രമാണ് ഈയിനത്തിൽപ്പെടുന്ന കുറുക്കനെ അൽഐനിൽ കാണാനായതെന്നത് പ്രത്യേകതയാണ്. ബ്ലാൻഡ്‌ഫോഡ് ഫോക്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ഇനത്തെ ആദ്യമായി അൽഐനിൽ കണ്ടെത്തുന്നത് 1999-ൽ ആണ്. പിന്നീട് 2019 മാർച്ചിലും ഇതിനെ കാണാനായി. വർഷങ്ങൾക്കിപ്പുറം അൽഐൻ പരിസ്ഥിതി ഏജൻസിയുടെ ക്യാമറയിൽ ഇതിന്റെ രാത്രിസഞ്ചാരമാണ് പതിഞ്ഞത്. അൽഐൻ മലനിരകളിൽ ഏതാണ്ട് ഒരേ ഭാഗത്തായാണ് ഇവയെ മൂന്നുതവണയും കാണാനായതെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു.

1877-ൽ ഇംഗ്ലീഷുകാരനായ പരിസ്ഥിതി പ്രവർത്തകൻ വില്യം തോമസ് ബ്ലാൻഡ്‌ഫോഡാണ് ആദ്യമായി ഈ ഇനത്തെ കണ്ടെത്തിയത്. അതിനാലാണ് ഇതിന് അത്തരമൊരു പേര് ലഭിച്ചത്. മലനിരകളിലെ പരുക്കൻ കല്ലുകളിലൊന്നിൽ ചുറ്റിത്തിരിയുന്ന കുറുക്കനെയാണ് പരിസ്ഥിതി ഏജൻസിയുടെ നൈറ്റ് വിഷൻ ക്യാമറ പകർത്തിയത്. വളരെ അപൂർവമായി മാത്രം ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ഇവയെ പിന്തുടർന്ന് ജീവിതരീതികൾ പഠിക്കുക ശ്രമകരമാണെന്ന് പരിസ്ഥിതി ഏജൻസിയിലെ ശാസ്ത്രജ്ഞൻ റഷീദ് മുഹമ്മദ് അൽസാബി പറഞ്ഞു. മനുഷ്യചലനങ്ങൾ ഒട്ടുമില്ലാത്ത ജെബെൽ ഹഫീത് മലനിരകളുടെ ഉൾപ്രദേശങ്ങളിലാണ് ഇതിനെ കണ്ടെത്തിയത്. ലോകമൃഗസംരക്ഷണ പട്ടികയിൽ ‘ഏറ്റവും പ്രധാനമർഹിക്കുന്ന’ ജന്തുവായാണ് ഇതിനെ കണക്കാക്കുന്നത്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, തുർക്കി, ഇസ്രയേൽ, ഒമാൻ, സൗദി അറേബ്യ, എറിട്രിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലും ഇവയെ അപൂർവമായി കണ്ടിട്ടുണ്ട്. മലനിരകളിലെ സ്വാഭാവിക പരിതസ്ഥിതിയിൽ മറ്റുമൃഗങ്ങളുടെ വെല്ലുവിളികൾ കൂടി ഇവയ്ക്കുണ്ട്. താരതമ്യേന വലിപ്പക്കുറവുള്ള ഇവയെ കാട്ടുനായ്ക്കൾ ഇരയാക്കാറുണ്ട്. 50 സെന്റീമീറ്റർ വരെ നീളവും പരമാവധി നാലുകിലോയോളം മാത്രം ഭാരവും വെക്കുന്ന ഇവയെ കാട്ടുപൂച്ചകളും ഭക്ഷണമാക്കിയേക്കും. മുഖത്ത് കറുത്ത പുള്ളിയും വിടർന്നുനിൽക്കുന്ന വാലുമുള്ള ഇവ രാത്രികാലത്താണ് കൂടുതലും പുറത്തിറങ്ങാറുള്ളത്. ഇവയെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഏജൻസിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും അൽസാബി പറഞ്ഞു.

അറേബ്യൻ റെഡ് ഫോക്സ്, റുപ്പെൽസ് ഫോക്സ് എന്നിവയാണ് യു.എ.ഇ.യിൽ കണ്ടുവരുന്ന മറ്റ് രണ്ടിനങ്ങൾ. റുപ്പെൽസാണ് ഇവയിലേറ്റവും ചെറുത്. ഇവമൂന്നും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളാണ്. അറേബ്യൻ റെഡ് ഫോക്സ് പകൽ സമയങ്ങളിലും ഇരതേടലിനിറങ്ങുമെന്ന പ്രത്യേകതയുണ്ട്. ഇവയെല്ലാം യു.എ.ഇ.യുടെ ‘റെഡ് ലിസ്റ്റിൽ’ ഉള്ളവയാണ്.