അബുദാബി : വാഹനത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ തുറന്നു. നഗരപരിധിക്കുള്ളിലും പുറത്തുമുള്ള പള്ളികൾക്ക് സമീപമായാണ് പുതുതായി പാർക്കിങ് സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. 23 ലക്ഷം ദിർഹം മുതൽമുടക്കിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. 189 വാഹനങ്ങൾക്ക് നിർത്താനുള്ള സൗകര്യം ഇതിലേർപ്പെടുത്തിയിട്ടുണ്ട്. നിശ്ചയദാർഢ്യക്കാർക്കുള്ള പാർക്കിങ്ങും ഇതിലുൾപ്പെടും. അടിസ്ഥാനസൗകര്യവികസനം അതിവേഗത്തിലാക്കുന്നതിന്റെ ഭാഗമായാണിത്. റംസാനിൽ പള്ളികളിലെത്തുന്നവർക്ക് മികച്ച സൗകര്യമുറപ്പാക്കാൻ ഇതിലൂടെ കഴിയും. ഹസൻ ബിൻ ജബാര മോസ്ക് (16), മൊഹമ്മദ് ബിൻ അലി ബിൻ ഹമദ് മോസ്ക് (16), സരി ബിൻ മുഹമ്മദ് അൽ മുഹൈരി മോസ്ക് (7), മുസഫയിലെ പള്ളികളിൽ (19), അൽ റഹ്ബയിൽ (54), ബനിയാസിൽ (79) എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ നിർമിച്ച പാർക്കിങ്ങുകളുടെ എണ്ണം.