അബുദാബി : യു.എ.ഇ.യിൽ 2020 അവസാനത്തോടെ 25,598 പേറ്റന്റുകൾ രജിസ്റ്റർചെയ്തതായി സാമ്പത്തികമന്ത്രാലയം അറിയിച്ചു.

വിപണിയിൽനിന്ന് വ്യാജ ഉത്പന്നങ്ങളെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം ശക്തമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പേറ്റന്റുകൾ സർക്കാർ പട്ടികയിൽ ഉൾപ്പെടുന്നതോടെ ഈ ശ്രമങ്ങൾ കാര്യക്ഷമമാവും. നൂതന സംരംഭകരുടെയും നിർമാതാക്കളുടെയും അവകാശം സംരക്ഷിക്കുന്നതിലൂടെ വിപണി നവീകരിക്കപ്പെടുകയും കൂടുതൽ നിക്ഷേപ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും.

1992 മുതൽ 2021 ഏപ്രിൽ 21 വരെ 2,69,189 ട്രേഡ്മാർക്കുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

വിപണിയിലെ വ്യാജന്മാരെ കണ്ടെത്തുന്നതിനുള്ള പരിശോധനയും കർശനമാണ്. 2021 ആദ്യപാദത്തിൽ 463 പരിശോധനകളാണ് നടത്തിയത്. 98 നിയമലംഘനങ്ങളും കണ്ടെത്താനായി. ഉത്പന്നങ്ങളുടെ ഉടമസ്ഥാവകാശവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി പത്ത് ഉടമ്പടികളിലും സാമ്പത്തിക മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്.