ദുബായ് : എക്സ്‌പോ 2020-യിൽ സന്ദർശകർക്ക് വഴികാട്ടിയാവുക റോബോട്ടുകളായിരിക്കും. ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി എക്സ്‌പോയുടെ വാതിലുകൾ തുറക്കുമ്പോൾ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് റോബോട്ടുകൾ തന്നെയായിരിക്കും.

സ്മാർട്‌സ് സാങ്കേതികവിദ്യകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന സവിശേഷതകളിലൊന്ന് എന്ന് ടെർമിനസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ വിക്ടർ അലി പറഞ്ഞു. എക്സ്‌പോ വേദിയിൽ ഏതാണ്ട് 152 റോബോട്ടുകളെയാണ് വിന്യസിച്ചിരിക്കുന്നത്. മെച്ചപ്പെട്ട അനുഭവങ്ങൾക്കും വ്യാവസായിക പ്രവർത്തന കാര്യക്ഷമതയ്ക്കും റോബോട്ടിക് സാങ്കേതികവിദ്യ സഹായിക്കും.

മഹാമേളയിൽ അവതരിപ്പിക്കുന്നതിൽ അധികവും പ്രോഗ്രാംചെയ്യാവുന്ന റോബോട്ടുകളാണ്. ചൈനയിലെ കമ്പനിയിൽ വികസിപ്പിച്ച് ദുബായിൽ എത്തിച്ചവയാണ് അധികവും. സന്ദർശകരെ അഭിവാദ്യംചെയ്യുക, പ്രത്യേക ഡിസ്‌പ്ലേകളിൽ പ്രകടനം നടത്തുക, സന്ദർശകർക്ക് ആവശ്യമായ സഹായം നൽകുക, ഭക്ഷണ പാനീയ വിതരണത്തിനും ഹോസ്പിറ്റാലിറ്റി സേവനങ്ങളിലും സഹായിക്കുക തുടങ്ങിയ വിവിധവേഷങ്ങളിൽ റോബോട്ടുകളെ കാണാനാവും.

ഒപ്റ്റി റോബോട്ട്-സ്‌മാർട്ട് റോബോട്ടുകളിലൊന്നാണിത്. ഒപ്റ്റി സന്ദർശകരുമായി സംവദിക്കുകയും ലോകമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികളെ രസിപ്പിക്കുകയും ചെയ്യും. ഒപ്റ്റിക്ക്‌ ഏതാണ്ട് ഒരുമീറ്റർ ഉയരമുണ്ട്. 24 മണിക്കൂർ നേരത്തേക്ക് നിൽക്കാനും സ്വതന്ത്രമായി നീങ്ങാനുമാവും. നിരവധി ഒപ്റ്റി റോബോട്ടുകളുടെ ഗ്രൂപ്പ് ഡാൻസ് പ്രകടനം എക്സ്‌പോ 2020-യിലെ വിനോദപരിപാടികളിൽ ഒന്നായിരിക്കും.

പട്രോൾ റോബോട്ട്- പട്രോൾ റോബോട്ടുകൾ എക്സ്‌പോ സൈറ്റിനെ സംരക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. എച്ച്.ഡി. ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറ, തത്സമയ തെർമോ ക്യാമറ, എസ്.ഒ.എസ്. ബട്ടൺ എന്നിവ സജ്ജീകരിച്ചിട്ടുള്ള ഇവ 24 മണിക്കൂറും ഡ്യൂട്ടിയിലായിരിക്കും. സാമൂഹിക അകലം പോലുള്ള സുരക്ഷിതമായ രീതികൾ സന്ദർശകരെ ഓർമിപ്പിക്കും. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും എല്ലാദിവസും 24 മണിക്കൂർ നേരവും നിരീക്ഷണം നടത്താനും അടിയന്തര അറിയിപ്പുകൾ നൽകാനും ഇതിന് വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാം.

അറ്റൻഡന്റ് റോബോട്ട്-ഇവ സന്ദർശകരെ നിർദിഷ്ട ലക്ഷ്യസ്ഥാനത്തേക്ക് നയിക്കും. സ്വാഭാവിക ഭാഷാ പ്രോസസിങ്, ഫെയ്‌സ് ഡിറ്റക്ഷൻ, ഫേഷ്യൽ റെക്കഗ്നിഷൻ, മൾട്ടി-ടച്ച് ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (ജി.യു.ഐ.) എന്നിവയുൾപ്പെടെയുള്ള മൾട്ടിമീഡിയ ഇൻററാക്ഷൻ അവയിൽ പൂർണമായി സജ്ജീകരിച്ചിരിക്കുന്നു. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനും സ്വീകരിക്കാനും ചിത്രങ്ങൾ, വാചകം, ഓഡിയോ, വീഡിയോ എന്നിവ പ്രദർശിപ്പിക്കാനുമുള്ള കഴിവും അവർക്ക് ഉണ്ടായിരിക്കും.

ഡെലിവറി റോബോട്ട്-വേദിക്ക് ചുറ്റും സാധനങ്ങളും മറ്റ് വസ്തുക്കളും കൊണ്ടുപോകാൻ ഈ റോബോട്ടുകളെത്തും. ഇവയ്ക്ക് ഒരു ഓട്ടോമാറ്റിക് വെയിറ്റ് ഡിറ്റക്ഷൻ സംവിധാനം ഉണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കാൻ ഈ മോഡലിന് വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാനും കഴിയും.

വെൻഡിങ് ട്രോളി-വെൻഡിങ് ട്രോളികൾ ഒരു തരം ഡെലിവറി റോബോട്ടാണ്, എക്സ്‌പോ 2020-ൽ വ്യത്യസ്തറോളുകൾ ഇവ നിർവഹിക്കും.

ബാരിസ്റ്റ യാനു-ബാരിസ്റ്റ യാനു സന്ദർശകർക്ക് കോഫി നൽകുകയും തലാബത് ഔട്ട്‌ലെറ്റുകളിൽ ഇത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയിക്കുകയും ചെയ്യും.