ദുബായ് : ദൈർഘ്യമേറിയ അക്വ യോഗ അവതരണത്തിലൂടെ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കി രവി വ്യോം ശങ്കർ ജാ. ദുബായ് ഇന്ത്യ ക്ലബ്ബിലാണ് 24 മണിക്കൂർ നീണ്ടുനിന്ന പ്രദർശനം നടന്നത്. ഒക്ടോബർ 22-ന് രാവിലെ ആറിന് ആരംഭിച്ച അവതരണം 23-ന് രാവിലെ ആറുമണികഴിഞ്ഞ് നാലുമിനിറ്റിനുശേഷമാണ് അവസാനിച്ചത്. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കിടന്നുകൊണ്ടുള്ള യോഗാഭ്യാസരീതിയാണിത്.

ഗിന്നസ് ലോകറെക്കോഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന അവതരണത്തിന് ഒട്ടേറെപ്പേർ സാക്ഷികളായി. ബിഹാറിലെ മധുബാനിയാണ് രവിയുടെ സ്വദേശം. യോഗാധ്യാപകനായ അദ്ദേഹം ഇതിനകം ശീർഷാസനം, പദ്മശീർഷാസനം, ജലയോഗ എന്നിവയുടെ അവതരണത്തിലൂടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്. ‘ആസാദി കാ അമൃത് മഹോത്സവ്’, യു.എ.ഇ. സുവർണജൂബിലിയാഘോഷം എന്നിവയുടെ ഭാഗമായാണ് പ്രകടനം നടന്നത്.