ഷാർജ : കേരളത്തിലെ ഏറ്റവുംവലിയ പ്രോപ്പർട്ടി ഷോയുമായി മാതൃഭൂമി ഡോട്ട് കോം മൂന്നാംതവണയും ഷാർജയിലെത്തിയപ്പോൾ നാട്ടിലൊരു വീടെന്ന സ്വപ്നം പൂവണിയിക്കാൻ ധനകാര്യ സ്ഥാപനങ്ങളും സജീവം.

ഷാർജ എക്സ്‌പോ സെന്ററിൽ വെള്ളിയാഴ്ച ആരംഭിച്ച കേരള പ്രോപ്പർട്ടി എക്സ്‌പോയിൽ ഫെഡറൽ ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് പ്രവാസികൾക്കായി സ്റ്റാളുകളൊരുക്കിയത്. കുറഞ്ഞ പലിശനിരക്കിൽ മികച്ച സേവനങ്ങളുമായാണ് ബാങ്കുകൾ പ്രവാസികളെ സമീപിക്കുന്നത്. കോവിഡിനുശേഷം വീടുകൾ വാങ്ങുന്നതിന് പ്രവാസികളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണെന്നും ബാങ്ക് അധികൃതർ പറയുന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഇന്ത്യയിൽ 2000 ബ്രാഞ്ചുകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കുള്ളത്. കേരളത്തിൽ 23 ബ്രാഞ്ചുകളുള്ള ബാങ്കിന്റെ ആസ്ഥാനം പുണെയിലാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സോണൽ മാനേജർ അരുൺ വി., ചീഫ് മാനേജർ നൈസിൽ ഷെല്ലി എന്നിവർ പറഞ്ഞു. 2023 മാർച്ചോടെ കൂടുതൽ ശാഖകളും 3000 കോടി രൂപയിലധികം ഇടപാടുകളുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് വായ്പയുടെ തിരിച്ചടവിന് മോറട്ടോറിയം അനുവദിച്ചിരുന്നു. വായ്പ വാങ്ങാനായി കൂടുതലാളുകൾ സമീപിക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട അധികൃതർ വ്യക്തമാക്കി. 6.80 ശതമാനം പലിശയിൽ 30 വർഷത്തേക്കാണ് മഹാരാഷ്ട്ര ബാങ്ക് ഭവനവായ്പ അനുവദിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ

പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്ന ബാങ്ക് ഓഫ് ബറോഡ യു.എ.ഇ.യിലെ ആദ്യ ഇന്ത്യൻ ബാങ്കുകൂടിയാണ്. ലോകമെങ്ങും 8214 ശാഖകളുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് യു.എ.ഇ.യിൽ മാത്രം 15 ശാഖകളുണ്ട്. ഇന്ത്യയിൽ വീടുവാങ്ങാനായി പ്രവാസികൾക്ക് 6.5 ശതമാനം പലിശയിലാണ് 30 വർഷത്തേക്ക് വായ്പ അനുവദിക്കുന്നതെന്ന് റിലേഷൻഷിപ്പ് ഓഫീസർ അൻവിൻ വർഗീസ് പറഞ്ഞു.

സാധാരണ 6.75 ശതമാനമാണ് പലിശനിരക്ക്. യു.എ.ഇ.യിൽ വീടുവാങ്ങാനായി 2.9 ശതമാനം പലിശാനിരക്കിലും പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക്

പ്രവാസികളുടെ സാമ്പത്തിക അനുപാതമനുസരിച്ച് ഇന്ത്യയിൽ വീടുവാങ്ങാനുള്ള സൗകര്യമൊരുക്കുകയാണ് എക്സ്‌പോയിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ മുൻനിര ബാങ്കായ ഫെഡറൽ ബാങ്ക്. കോവിഡ് കാലത്ത് തിരിച്ചടവിന് ബുദ്ധിമുട്ടിയ പ്രവാസികൾക്കടക്കം മോറട്ടോറിയം ഏർപ്പെടുത്തിക്കൊണ്ട് പരമാവധി സഹായം നൽകിയതായി റിലേഷൻഷിപ്പ് മാനേജർ ഡെനിൽ റോയ് ജോഷ്വ പറഞ്ഞു. പ്രവാസികൾക്ക് വീടുവാങ്ങാനായി 7.28 ശതമാനം പലിശനിരക്കിൽ 20 വർഷത്തേക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 55 വയസ്സുവരെയും വായ്പനൽകുന്നു.

ഐ.സി.ഐ.സി.ഐ.

ബാങ്ക്

പ്രമുഖ ഇന്ത്യൻ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രവാസികൾക്ക് മിതമായ പലിശാനിരക്കിൽ കൂടിയ കാലയളവിൽ അടച്ചുതീർക്കാവുന്ന വായ്പ നൽകിക്കൊണ്ട് നാട്ടിലൊരു വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കുന്നു. 2020 സെപ്തംബർ 30 വരെ 14.76 ട്രില്യൺ ആസ്തിയുള്ള ബാങ്കിന് 5288 ശാഖകളുണ്ട്. 14040 എ.ടി.എം. മെഷീൻ സൗകര്യവുമുള്ള ബാങ്കിനെ വലിയവിഭാഗം പ്രവാസി സമൂഹവും വായ്പാസൗകര്യത്തിനായി സമീപിക്കുന്നതായി റിലേഷൻഷിപ്പ് ഓഫീസർ വിശാഖ് വിജയൻ അറിയിച്ചു.

പുതിയ ഭവനപദ്ധതികളുമായി പ്രസ്റ്റീജ് ഗ്രൂപ്പ്