ഷാർജ : സ്വന്തമായൊരു വീട് എന്ന സ്വപ്നം എളുപ്പത്തിൽ സാധിച്ചുകൊടുക്കാനായി മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ ആദ്യദിനത്തിൽ സന്ദർശകപ്രവാഹം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പ്രവാസികൾ കാത്തിരുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ ആരംഭിച്ചത്. കേരളത്തിലെ പ്രമുഖ ബിൽഡർമാർ അണിനിരക്കുന്ന മേളയിലേക്ക് യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് ആദ്യദിനമെത്തിയത്.

പ്രോപ്പർട്ടി എക്സ്‌പോക്ക് ആശംസകളുമായി സ്റ്റീഫൻ ദേവസ്സി, സിദ്ധാർഥ്‌ മേനോൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും എത്തിയിരുന്നു. ശനിയാഴ്ച ഏറെപ്പേർക്കും അവധിയായതുകൊണ്ടുതന്നെ കൂടുതൽപേർ ഇനിയും മേളയിലെത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഷാർജയിൽ വെച്ചുതന്നെ ബുക്ക് ചെയ്യാൻ അവസരം ഉള്ളതുകൊണ്ടുതന്നെ പലരും കുടുംബസമേതമാണ് മേളയിലേക്ക് എത്തുന്നത്. പ്രവാസി മലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഒന്നാണ് ഈ എക്സ്‌പോ. നാട്ടിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ ബിൽഡർക്ക് നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് ലഭിക്കുന്നത്. ഭാവിയിൽ റിയൽ എസ്റ്റേറ്റിലൂടെ വൻലാഭം നേടാൻ കഴിയുന്ന പ്രോപ്പർട്ടികൾ വിദേശമലയാളികൾക്ക് പരിചയപ്പെടുത്താനും ഓരോ പ്രോജക്ടും ഏതെല്ലാം വിധത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടുത്താനും സാധിക്കും.

അവധിക്ക് നാട്ടിൽ പോകുമ്പോൾ വീടോ ഫ്ളാറ്റോ വില്ലയോ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എക്സ്‌പോയിലൂടെ കേരളത്തിലെ മികച്ച ഒട്ടേറെ പ്രോജക്ടുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും അവസരമുണ്ട്. ബാങ്കിങ്, ഫിനാൻസ് മേഖലയിൽ നിന്നുള്ള ബ്രാൻഡുകളും പ്രോപ്പർട്ടി എക്സ്‌പോയിൽ ഉള്ളതിനാൽ അത്തരം കാര്യങ്ങളിലും വ്യക്തത വരുത്താം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിർമാണത്തിലിരിക്കുന്നതും ലക്ഷ്യമിടുന്നതുമായ ഭവന പദ്ധതികളുമായാണ് പ്രമുഖ ബിൽഡർമാർ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ഷാർജ എക്സ്‌പോ സെന്ററിലെ അഞ്ചാംനമ്പർ ഹാളിലാണ് പ്രദർശനം. ശനിയാഴ്ച രാത്രിവരെ പ്രോപ്പർട്ടി എക്സ്‌പോ ഉണ്ടായിരിക്കും.