അബുദാബി : മിഡിൽ ഈസ്റ്റ് റീട്ടെയിൽരംഗത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള ‘മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം 2020’ അവാർഡിന് ലുലു ഗ്രൂപ്പ് അർഹമായി.
ദുബായിൽനടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം ഇമേജസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അമിതാബ് താനേജ, മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം സി.ഒ.ഒ. ജസ്റ്റിന എറ്റ്‌സിങ്കർ എന്നിവരിൽനിന്ന് പുരസ്കാരമേറ്റുവാങ്ങി. റീട്ടെയിൽ രംഗത്തെ സംരംഭകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ചതും വേറിട്ടതുമായ പ്രവർത്തനങ്ങൾക്ക് 2012 മുതൽ ഫോറം പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്.
ജി.സി.സി.യിലും പുറത്തുമായി കോവിഡ് കാലത്ത് ലഭ്യമാക്കിയ സേവനങ്ങൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, നടപ്പാക്കുന്ന നവീന ആശയങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ലുലു ഗ്രൂപ്പിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി ലെവിസ്, സെന്റർപോയന്റ്, സ്കെച്ചേഴ്‌സ്, സേക്കോർ ബ്രദേഴ്‌സ് തുടങ്ങിയ ബ്രാൻഡുകളും പുരസ്കാരങ്ങൾ നേടി. റീട്ടെയിൽരംഗത്തെ ഏറ്റവുംമികച്ച അംഗീകാരങ്ങളിലൊന്ന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം.എ. സലിം പറഞ്ഞു. തുടക്കംമുതൽ ഈയിടെ പ്രവർത്തനമാരംഭിച്ച 196-മത് ശാഖയിൽ വരെ നടപ്പാക്കിവരുന്ന നവീന ആശയങ്ങൾക്കും പ്രവർത്തന രീതികൾക്കുമുള്ള അംഗീകാരമാണിത്. ലുലുവിൽ വിശ്വാസമർപ്പിച്ച ഉപഭോക്താക്കൾക്ക് പുരസ്കാരം സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.