അജ്മാൻ (യു.എ.ഇ.) : കോഴിക്കോട് ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ എകരൂൽ സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു. വള്ളിയോത്ത് മേലെ കൊളോളി കാസിമിന്റെ മകൻ ഇസ്മായിലും (47) മകൾ അമൽ ഇസ്മായിലും (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കുടുംബവുമൊത്ത് ഇസ്മായിൽ കടലിൽ കുളിക്കാൻ പോയതായിരുന്നു. തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാൽ കടലിൽ നല്ല വേലിയേറ്റമുണ്ടായ സമയമായിരുന്നു. അമൽ ആദ്യം ശക്തമായ കടൽച്ചുഴിയിൽപ്പെട്ടു. പിന്നാലെ മകളെ രക്ഷിക്കാൻപോയ ഇസ്മായിലും അപകടത്തിൽ പെടുകയായിരുന്നു. ഉടൻ പോലീസും പാരാമെഡിക്കൽ സംഘവുമെത്തി ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരയിൽനിന്ന് ദുരന്തം നേരിട്ടുകണ്ട ഇസ്മായിലിന്റെ ഭാര്യ സഫീറ പാറക്കൽ, മറ്റുമക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയശേഷം ഇസ്മായിലിന്റെ സഹോദരന്റെ താമസയിടത്തേക്ക് കൊണ്ടുപോയി.
പതിന്നാലുവർഷമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് (ആർ.ടി.എ.) അതോറിറ്റിയിൽ സാങ്കേതികവിഭാഗം ജീവനക്കാരനാണ് ഇസ്മായിൽ. അമൽ പ്ലസ്ടുവിനുശേഷം കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം നടത്തുകയായിരുന്നു. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ് ഇസ്മായിൽ. സഹോദരങ്ങൾ: മുബാറഖ് (ദുബായ് ആർ.ടി.എ.), സാബിറ(ബാലുശ്ശേരി), കാമില(മണ്ണിൽക്കടവ്).
നവംബർ 11-നാണ് ഇസ്മായിലിന്റെ കുടുംബം മൂന്നുമാസത്തെ സന്ദർശകവിസയിൽ അജ്മാനിലെത്തിയത്. മുമ്പ് സഫീറയും മക്കളും ഇസ്മായിലിനൊപ്പം അജ്മാനിലുണ്ടായിരുന്നു. പിന്നീട് മക്കളുടെ തുടർ വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോയി. അജ്മാൻ അൽസാദ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്ന സഫീറ ഇപ്പോൾ ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. അജ്മാൻ ഇൻകാസിന്റെ സജീവപ്രവർത്തകനാണ് ഇസ്മായിൽ.