അബുദാബി : അബുദാബി ക്ഷേത്രമാതൃകയ്ക്ക് ‘ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ 2020 പുരസ്കാരം’ ലഭിച്ചു. അബു മുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രമാതൃക ഇതിനകംതന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൊമേഷ്യൽ ഇന്റീരിയർ ഡിസൈൻ (സി.ഐ.ഡി) നവംബർ 25-നാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. സവിശേഷമായ അകത്തളമാതൃകയിൽ നിർമാണം നടക്കുന്ന കെട്ടിടങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
അകത്തളങ്ങളുടെ പ്രത്യേകതകളും പ്രായോഗികതയുമാണ് ഇതിന് അടിസ്ഥാനം. നൂറുകണക്കിന് നിർമിതികളിൽനിന്നുമാണ് അബുദാബിയിൽ ഉയരുന്ന ക്ഷേത്രമാതൃക തിരഞ്ഞെടുക്കപ്പെട്ടത്.
പൗരാണികതയും ആധുനികതയും സമന്വയിക്കുന്നതാണ് അബുദാബിയിലെ ക്ഷേത്രമാതൃകയെന്ന് പ്രമുഖ ഡിസൈനർമാർ അഭിപ്രായപ്പെട്ടു. ക്ഷേത്രനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഭാഗമായവരെ നിർമാണ പ്രോജക്ട് ഡയറക്ടർ ജസ്ബിർ സിങ് സഹ്‌നി അനുമോദനങ്ങൾ അറിയിച്ചു. നിർമാണം പുരോഗമിക്കുന്ന അബുദാബിക്ഷേത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. ഇതിനുമുൻപ് മിഡിലീസ്റ്റ് എം.ഇ.പിയുടെ ‘ബെസ്റ്റ് മെക്കാനിക്കൽ ഡിസൈൻ’ പുരസ്കാരവും ക്ഷേത്രത്തെ തേടിയെത്തിയിരുന്നു.