ഷാർജ : ഓൺലൈൻ പഠനരീതി മാർച്ച് 25 വരെ തുടരുമെന്ന് ഷാർജ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അത്യാഹിത ദുരന്ത നിവാരണവകുപ്പും സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുമായി ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയാണ് തുടർനടപടികൾ സ്വീകരിക്കുക. അധ്യാപക, അനധ്യാപക ജീവനക്കാർ നേരിട്ടെത്തണമോയെന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനമെടുക്കാം. അങ്ങനെയെങ്കിൽ രണ്ടാഴ്ചകൂടുമ്പോഴുള്ള നിർബന്ധിത പി.സി.ആർ. പരിശോധനയും നടത്തണം.